പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടി; സംഘര്‍ഷം വലുതാക്കാൻ ആഗ്രഹമില്ല- ഇന്ത്യ

Advertisement

ന്യൂഡല്‍ഹി: പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് പാകിസ്താൻ ആക്രമണത്തിന് ശ്രമിച്ചത്.

ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും പാക് മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സൈനിക വക്താക്കളായ വ്യോമിക സിങ്ങും സോഫിയ ഖുറേഷിയും വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

ആക്രമണത്തിന് അതേ ശക്തിയില്‍ പാകിസ്താനില്‍ തിരിച്ചടി നടത്തി. പാകിസ്താനിലെ ലാഹോറില്‍ സ്ഥാപിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനം തകർന്നു. ഇന്നലെ മുതല്‍ പാകിസ്താൻ നിയന്ത്രണരേഖയില്‍ ആക്രമണം നടത്തിയിരുന്നു. കശ്മീരിലെ കുപ്വാര, ബാരമുള്ള, ഉറി, പൂഞ്ച്, രജൗറി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി.. മോർട്ടാർ ഷെല്ലുകളും പീരങ്കിയുമുള്‍പ്പെടെ ആക്രമണത്തിനുപയോഗിച്ചു. ആക്രമണത്തില്‍ 16 സാധാരണക്കാരാണ് കൊല്ലപ്പെത്. അതില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളുമുള്‍പ്പെടുന്നുവെന്നും സൈനിക വക്താക്കള്‍ അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇന്ത്യയും മോർട്ടാറുകളും പീരങ്കികളുമുപയോഗിച്ച്‌ തിരിച്ചടി നടത്തി. സംഘർഷം വർധിപ്പിക്കാനുള്ള ഉദ്ദേശ്യം ഇന്ത്യൻ സേനക്കില്ലെന്നും പ്രകോപനമുണ്ടാക്കിയാല്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും വ്യക്തമാക്കി.

പഹല്‍ഗാമിലെ ഭീകരാക്രമണമാണ് ഇതിനെല്ലാം കാരണമെന്ന് വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇതിന് മറുപടിയായാണ് ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തത്. പഹല്‍ഗാമിലെ ആക്രമണത്തിന് പങ്കില്ലെന്ന് പാകിസ്താൻ പറയുന്നതില്‍ കാര്യമില്ല. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ടിആർഎഫിന് പാക് ആസ്ഥാനമായ ലഷ്കറെ തോയ്ബയുമായി ബന്ധമുണ്ട്. ഇന്ത്യ ഇക്കാര്യം യുഎൻ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും രക്ഷാസമിതിയെ അറിയിക്കുമെന്നും വിക്രം മിസ്രി പറഞ്ഞു.

പാകിസ്താൻ ഭീകരതയ്ക്കൊപ്പമാണ്. ടിആർഎഫിനെ പാകിസ്താൻ പിന്തുണച്ചുവെന്നും വിക്രം മിസ്രി ആരോപിച്ചു. പാക് ഭീകരവാദികള്‍ക്കെതിരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത്. എന്നാല്‍, പാകിസ്താൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. ഇന്ന് രാവിലെയും പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചു. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ തെളിവുകള്‍ കൈമാറിയിട്ടും പാകിസ്താൻ സഹകരിച്ചില്ല. ദശകങ്ങളായി ഇന്ത്യയ്ക്കെതിരായി ഭീകരവാദികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തു. യു.എൻ ഭീകരവാദികളായി പ്രഖ്യാപിച്ചവർ പോലും പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുന്നുവെന്നും വിക്രം മിസ്രി ആരോപിച്ചു. ഭീകരതയുടെ കാര്യത്തില്‍ പാകിസ്താന് നല്ല പ്രതിഛായ അല്ല ഉള്ളത്.

ഇന്ത്യയ്ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഭീകരവാദികളെ ഉപയോഗിച്ച്‌ നടത്തി. ഇതിനുള്ള ഫോറൻസിക് തെളിവുകള്‍ അടക്കം നല്‍കിയിട്ടും പാകിസ്താൻ സഹകരിച്ചില്ല. പത്താൻകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താൻ സംഘത്തെയും ഇന്ത്യ അന്വേഷണത്തില്‍ സഹകരിപ്പിച്ചു. തെളിവുകളും വിവരങ്ങളും കൈമാറി. ആരൊക്കെയാണ് പിന്നിലെന്ന് വ്യക്തമാക്കി. എന്നിട്ടും അവർ സഹകരിച്ചില്ല. എന്നാല്‍ ഈ തെളിവുകളെല്ലാം ഉപയോഗിച്ച്‌ പാകിസ്താൻ സ്വന്തം പങ്കാളിത്തം മറയ്ക്കാനാണ് ശ്രമിച്ചത്.

ഓപ്പറേഷൻ സിന്ദൂറില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരാണ് എന്നാണ് പാകിസ്താൻ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ട ഭീകരർക്ക് ബഹുമതികളോടെ സംസ്കാരം നടത്തുകയാണ് ചെയ്തത്. ഇന്ത്യ പാകിസ്താനിലെ മതകേന്ദ്രങ്ങളെ ആക്രമിക്കുകയാണ ചെയ്തത് എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്. ഭീകരവാദ കേന്ദ്രങ്ങളെന്ന് വ്യക്തമായ സ്ഥലങ്ങളാണ് ആക്രമിച്ചത്. പാകിസ്താൻ മതസ്ഥാപനങ്ങളുടെ മറവില്‍ ഭീകരവാദം വളർത്തുകയും ഭീകരവാദത്തിന് വേണ്ടി ദുരുപയോഗിക്കുകയായിരുന്നു. അതേസമയം, ഇന്ത്യയിലെ സിഖുകാരുടെ
ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് പാകിസ്താൻ ആക്രമണം നടത്തുകയും ചെയ്തു. ഇതില്‍ സിഖുകാരുള്‍പ്പെടെ 16 പേരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാത്രമല്ല പഹല്‍ഗാമില്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്.

ഇന്ന് രാവിലെ ആക്രമണം നടത്തിയപ്പോഴും ഇന്ത്യ സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ല. സംഘർഷം വർധിപ്പിക്കാൻ താത്പര്യമില്ല. പാക് അധീന കശ്മീരില്‍ നീലം-ഝലം അണക്കെട്ടിന് നേരെ ആക്രമണം നടത്തിയെന്ന പാകിസ്താന്റെ വാദവും വസ്തുതാവിരുദ്ധമാണ്. ഇന്ത്യയിലെ സാധാരണക്കാരെയും നഗരങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വിക്രം മിസ്രി മുന്നറിയിപ്പ് നല്‍കി.