ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്ര സ്ഫോടനം; നടുങ്ങി പാകിസ്താൻ

Advertisement

ന്യൂ ഡെൽഹി : പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കറാച്ചിയില്‍ ഉഗ്ര സ്ഫോടനം ഉണ്ടായത്.

തുടർച്ചയായ സ്ഫോടനങ്ങള്‍ പാകിസ്താനെ നടുക്കിയിരിക്കുകയാണ്. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന പരമ്പരകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുൻനിർത്തി രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) വ്യക്തമാക്കി. കറാച്ചി, ലാഹോർ, സിയാല്‍കോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

ഗുജ്രൻവാല പ്രദേശത്തും സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുന്നതിനാല്‍ പ്രദേശവാസികളോട് വീടിനുള്ളില്‍ തന്നെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലോഹ ശകലങ്ങള്‍ പൊലീസ് കണ്ടെടുത്തു, സ്ഫോടനത്തിന്റെ കൃത്യമായ സ്വഭാവം നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 12 ഹെറോണ്‍ ഡ്രോണുകള്‍ ഒമ്ബത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.