നോർത്ത് കരോലിന: ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി വയോധികയുടെ പണം തട്ടാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. കിഷൻ കുമാർ സിംഗ് എന്ന 21കാരനാണ് അമേരിക്കയിൽ അറസ്റ്റിലായത്. 2024 മുതൽ സ്റ്റുഡന്റ് വിസയിൽ ഒഹായോയിലെ സിൻസിനാറ്റി പ്രദേശത്ത് താമസിച്ചിരുന്ന കിഷൻ കുമാറിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി.
നോർത്ത് കരോലിന സ്വദേശിയായ 78 കാരിയെ ഫോണിലൂടെ ബന്ധപ്പെട്ട കിഷൻ കുമാർ പൊലീസാണെന്ന് സ്വയം പരിചയപ്പെടുത്തി. വയോധികയുടെ ബാങ്ക് അക്കൗണ്ടുകൾ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് കള്ളം പറഞ്ഞു. കേസിൽ നിന്നൊഴിവാക്കാൻ വൻതുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഗിൽഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് (ജിസിഎസ്ഒ) അറിയിച്ചു.
ഫെഡറൽ ഏജന്റായി വേഷംമാറി കിഷൻ കുമാർ നേരിട്ട് സ്ത്രീയുടെ വസതിയിൽ എത്തി പണം കൈപ്പറ്റി. അവിടെ വെച്ചാണ് നാടകീയ വഴിത്തിരിവുണ്ടായത്. സംഭവ സ്ഥലത്തു വെച്ചുതന്നെ ഇയാൾ അറസ്റ്റിലായി. ഗിൽഫോർഡ് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ കിഷനെതിരെ കേസെടുത്തു, നിലവിൽ ജയിലിലാണ്. മറ്റൊരാളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു, പ്രായമായ ഒരാളെ ചൂഷണം ചെയ്തു തുടങ്ങിയവ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
“പ്രതിയെ പിടികൂടാനും വയോധികർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരകളാകുന്നത് തടയാനും ഞങ്ങളുടെ ഉദ്യോഗസ്ഥർ വേഗത്തിൽ പ്രവർത്തിച്ചു. ജാഗ്രത പാലിക്കാനും സംശയാസ്പദമായ ഏതൊരു ഇടപെടലും ഉടൻ റിപ്പോർട്ട് ചെയ്യാനും ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്ന് ഷെരീഫ് ഡാനി എച്ച് റോജേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. കിഷനൊപ്പം തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.





































