ഇറാനിലെ ഏറ്റവും വലിയ തുറമുഖമായ ബന്ദര്‍ അബ്ബാസിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തിന്റെ ഷാഹിദ് രാജീ സെക്ഷനിലാണ് സ്‌ഫോടനം ഉണ്ടായത്.
കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ക്ക് തീപിടിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സൂചന. മോശം സംഭരണ ??രീതികളാണ് സ്ഫോടനത്തിന് കാരണമെന്ന് ഇറാന്റെ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷന്‍ വക്താവ് ഹൊസൈന്‍ സഫാരി പറഞ്ഞു. ‘കണ്ടെയ്നറുകള്‍ക്കുള്ളിലെ രാസവസ്തുക്കളാണ് സ്ഫോടനത്തിന് കാരണം. അപകടസാധ്യതയെക്കുറിച്ച് മുമ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും,’ അദ്ദേഹം പറഞ്ഞു.
തീപിടിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്ത രീതി അപകടത്തിന് കാരമമായേക്കാമെന്ന് നേരത്തെ തുറമുഖ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകള്‍ തുറമുഖത്തിന്റെ യാര്‍ഡില്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. തുറമുഖത്തു നിന്ന് പുക ഉയരുന്നതിന്റെ ഭീതിപരത്തുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. കിലോമീറ്ററുകളോളം ദൂരത്തേക്ക് സ്‌ഫോടനത്തിന്റെ ആഘാതം ഉണ്ടായെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകരുകയും തുറമുഖത്തിന് 26 കിലോമീറ്റര്‍ അകലെയുള്ള ഖേഷ്ം ദ്വീപില്‍ പോലും ശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലേക്കുള്ള കണ്ടെയ്‌നര്‍ കയറ്റുമതിയിലെ സുപ്രധാന കേന്ദ്രമാണ് ബന്ദര്‍ അബ്ബാസ്. പ്രതിവര്‍ഷം ഏകദേശം 80 ദശലക്ഷം ടണ്‍ (72.5 ദശലക്ഷം മെട്രിക് ടണ്‍) വസ്തുക്കളാണ് തുറമുഖം കൈകാര്യം ചെയ്യുന്നത്. ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ (652 മൈല്‍) തെക്കുകിഴക്കായി, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് തുറമുഖം സ്ഥിതിചെയ്യുന്നത്.
































