ന്യൂഡല്‍ഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന നിർണായക യോഗം അവസാനിച്ചു.
സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനിച്ചു. കരാർ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമർശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി ഉയർത്താനും യോഗത്തില്‍ തീരുമാനമായി.
കരാർ മരവിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് പാകിസ്താൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസയോട് ഇക്കാര്യം സംബന്ധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച് ജലത്തിന്റെ ഒഴുക്ക് തടയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.
കരാർ മരവിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനമായി. അമിത് ഷായുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സി.ആർ. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണ് പങ്കെടുത്തത്.
ജലം തടയാൻ കിഷൻ ഗംഗാ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന തരത്തില്‍ പാകിസ്താനില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അത് യുദ്ധസമാനമായ നടപടിയായിരിക്കും എന്ന് പാകിസ്താൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, കരാർ മരവിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് തടയുന്നതിനായി ഇന്ത്യ എന്തൊക്കെ തുടർനടപടികളാകും കൈക്കൊള്ളുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.






































