ബെയ്‌ജിങ്ങ്: ട്രംപ് താരിഫിൽ നിലപാട് കടുപ്പിച്ച് ബോയിംഗ് വിമാനങ്ങൾ തിരികെ അയച്ച് ചൈന. പുതിയതായി ഓർഡർ ചെയ്ത ബോയിംഗ് വിമാനങ്ങളാണ് ചൈന തിരിച്ചയച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ട്രംപ് താരിഫ് സൃഷ്ടിച്ച വിള്ളലിന് പിന്നാലെയാണ് നടപടിയാണ് ബോയിംഗ് വിശദമാക്കുന്നത്. രണ്ട് വിമാനങ്ങൾ ഇതിനോടകം തിരിച്ച് അയച്ചതായാണ് ബോയിംഗ് വിശദമാക്കുന്നത്.
ചൈനയിലേക്ക് ഓർഡർ ചെയ്തിരുന്ന 50ലേറെ ബോയിംഗ് വിമാനങ്ങൾ സ്വീകരിക്കില്ലെന്ന് ചൈനയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതായാണ് ബോയിംഗ് ചീഫ് എക്സിക്യുട്ടീവ് സിഎൻബിസിക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്. 145 ശതമാനം താരിഫ് വർധനയാണ് അമേരിക്ക ചൈനയ്ക്ക് ചുമത്തിയത്. ഇതിന് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം മറുപടി തീരുവ ചൈന ചുമത്തിയിരുന്നു. അതേസമയമ ചൈനയുമായുള്ള വ്യാപാര ധാരണകളേക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിൽ വച്ച് പ്രതികരിച്ചത്. ചുമത്തിയ തീരുവയിൽ കുറവ് വരുമെന്നും എന്നാൽ അത് പൂജ്യത്തിലേക്ക് എത്തില്ലെന്നുമാണ് ട്രംപ് ചൊവ്വാഴ്ച പ്രതികരിച്ചത്.
താരീഫ് വർധനയുടെ സാഹചര്യത്തിലാണ് ഓർഡർ ചെയ്ത വിമാനങ്ങൾ ചൈന സ്വീകരിക്കാത്തതെന്നാണ് ബോയിംഗ് വിശദമാക്കിയത്. അമേരിക്കക്ക് പുറത്താണ് ബോയിംഗിന്റെ ഏറിയ പങ്കും ഉപഭോക്താക്കൾ. അമേരിക്കയിലെ ഏറ്റവും ശക്തമായ കയറ്റുമതി സ്ഥാപനങ്ങളിലൊന്നാണ് ബോയിംഗ്. ബോയിംഗിന്റെ 70 ശതമാനം വിമാനങ്ങളും വാങ്ങുന്നത് ഇതര രാജ്യങ്ങളാണ്. 41 വിമാനങ്ങളാണ് ഇത്തരത്തിൽ ബോയിംഗ് ചൈനയ്ക്കായി നിർമ്മിച്ചതെന്നാണ് ബോയിംഗ് വ്യക്തമാക്കിയിട്ടുള്ളത്. ഈ വിമാനങ്ങൾക്ക് മറ്റ് രാജ്യങ്ങളിൽ ആവശ്യക്കാരെ തിരയുകയാണെന്നും ബോയിംഗ് വിശദമാക്കുന്നത്.
നിർമ്മിച്ച വിമാനങ്ങൾ സ്വീകരിക്കാത്ത രാജ്യങ്ങൾക്കായി വിമാനങ്ങൾ ഇനി നിർമ്മിക്കില്ലെന്നും ബോയിംഗ് വിശദമാക്കിയിട്ടുണ്ട്. വ്യാപാരപങ്കാളിത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിന് പിന്നാലെ ചൈനയ്ക്ക് ചുമത്തിയ ഉയര്‍ന്ന തീരുവ കുറയ്ക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. ട്രംപ് തീരുവയും പകര തീരുവയുമായി ഇരുപക്ഷവും വഴങ്ങാന്‍ തയ്യാറാവാതെ വന്നിരുന്നു. ഇത് ലോകത്ത് സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും സാധ്യത വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ട്രംപ് തീരുവ വിഷയത്തില്‍ ചൈനയോടുള്ള നിലപാടില്‍ അയവ് വരുത്തുന്നതായി സൂചന നല്‍കിയത്.