കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

319
Advertisement

കാനഡയിലെ ഹാമില്‍ട്ടണില്‍ 21 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ഹര്‍സിമ്രത് രണ്‍ധാവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപ്പര്‍ ജെയിംസ് സ്ട്രീറ്റിലെ മൊഹാവ്ക് റോഡിന് സമീപം രാത്രി ഏഴരയോടെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോളാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. മോഹോക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹര്‍സിമ്രത്. അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ പോലീസിനെ അറിയിക്കണമെന്ന് കനേഡിയന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഹര്‍സിമ്രത് രണ്‍ധാവയെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. വെടിയുണ്ടകള്‍ സമീപത്തെ ഒരു വീടിന്റെ പിന്‍ഭാഗത്തെ ജനലിലൂടെയും തുളഞ്ഞുകയറിയതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വീട്ടിലുള്ള ആര്‍ക്കും പരിക്കില്ല.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഹര്‍സിമ്രതിന് വെടിയേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. അക്രമി സംഘത്തെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെക്കുറിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Advertisement