‘നടക്കുന്ന അസ്ഥികൂടം’ പോലെ 17കാരി, കടുത്ത ഡയറ്റ്, കഠിനമായ നൃത്തപരിശീലനം; മാതാപിതാക്കൾക്ക് ജയിൽ

2781
Advertisement

കാൻബറ: കടുത്ത ഭക്ഷണക്രമവും കഠിനമായ നൃത്തപരിശീലനവും കാരണം മകളുടെ ജീവൻ അപകടത്തിലാക്കിയ മാതാപിതാക്കളെ ജയിലിലടച്ചു. ഓസ്ട്രേലിയയിലെ പെർത്തിലാണു 17കാരി മരണത്തിന്റെ വക്കിലെത്തിയതെന്നു ദ് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. എല്ലുംതോലുമായി ഒൻപതു വയസ്സുകാരിയെപ്പോലെ തോന്നുന്ന 17കാരിയുടെ ദാരുണചിത്രങ്ങൾ പുറത്തുവന്നു.

പീയർ, സ്ട്രോബെറി, മിനെസ്ട്രോണ്‍ സൂപ്പ്, ഐസ്ക്രീം എന്നിവ മാത്രമാണു കഴിക്കാൻ നല്‍കിയിരുന്നത്. നൃത്ത പരിശീലനത്തിനായി മാത്രമേ പുറത്തിറക്കിയിരുന്നുള്ളൂ. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെട്ട അധ്യാപകരാണു വൈദ്യസഹായം തേടാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ ആദ്യം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പിന്നീടാണു കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിക്കു ഗുരുതര പോഷകാഹാരക്കുറവ് (ഗ്രേഡ് 4) ബാധിച്ചെന്നു ഡോക്ടർമാർ കണ്ടെത്തി. ‘നടക്കുന്ന അസ്ഥികൂടം’ എന്നാണ് ഡോക്ടർമാർ അവളെപ്പറ്റി പറഞ്ഞത്.

പോഷകാഹാരക്കുറവ് പരിഹരിക്കാൻ അടിയന്തരമായി അഞ്ച് ദിവസം കുഴലിലൂടെ ഭക്ഷണം നൽകി. പോഷകാഹാരം കൂടുതലുള്ള ഡയറ്റും നടപ്പാക്കി. 50 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു ആരോഗ്യം മെച്ചപ്പെട്ടത്. ചെറിയ കുട്ടിയെപ്പോലെയാണു കൗമാരക്കാരിയെ മാതാപിതാക്കൾ കണ്ടിരുന്നത്. ഈ പ്രായത്തിലും കാർട്ടൂണുകള്‍ കാണിച്ചുകൊടുക്കുകയും പാവകള്‍ സമ്മാനിക്കുകയും ചെയ്തു. വലിയ പെൺകുട്ടിയായി പരിഗണിച്ചില്ല.‌

കേസിൽ പിതാവിന് ആറര വര്‍ഷവും മാതാവിന് അഞ്ചു വര്‍ഷവുമാണു കോടതി ശിക്ഷ വിധിച്ചത്. മാതാപിതാക്കള്‍ ജയിലിലടക്കപ്പെട്ടാല്‍ തനിക്കു വീടില്ലാതെയാകുമെന്നും ശിക്ഷയില്‍ കുറവ് വരുത്തണമെന്നും പെണ്‍കുട്ടി കോടതിയോട് അപേക്ഷിച്ചതായും റിപ്പോർട്ടിലുണ്ട്.

Advertisement