ആ ഫോട്ടോയെടുത്തത് മറ്റൊരാൾ ?; വിയറ്റ്നാം യുദ്ധ പ്രതീകമായ വിഖ്യാത ചിത്രത്തിന് പുതിയ അവകാശി

363
Advertisement

ന്യൂയോർക്ക്; അരനൂറ്റാണ്ട് മുൻപ് തെക്കൻ വിയറ്റ്നാമിൽ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയെ ക്യാമറയിൽ പകർത്തിയത് അമേരിക്കൻ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) ഫൊട്ടോഗ്രഫർ നിക്ക് ഊട്ട് അല്ലെന്ന് വാദിച്ച് ഡോക്യുമെന്ററി.

യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് ഫ്രീലാൻസ് ഫൊട്ടോഗ്രഫർ നോയൻ ടാൻ നെ ആണു ആ ചിത്രമെടുത്തതെന്ന് അവകാശപ്പെട്ടത്. വിയറ്റ്നാം യുദ്ധ പ്രതീകമായ ‘നാപാം പെൺകുട്ടി’ എന്ന ചിത്രത്തിന് പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു.

ഗാരി നൈറ്റും സംഘവും തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തു. താനാണു നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 1972 ജൂൺ എട്ടിന് ആണു ചിത്രമെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തിൽ പോയത്. നിലവിളിച്ചോടി വന്ന ഒൻപതു വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. 20 ഡോളറിനു പടം എപിക്കു വിൽക്കുകയായിരുന്നു. സത്യം കണ്ടെത്താനായി രണ്ട് വർഷത്തിലേറെ നീണ്ട അന്വേഷണമാണു നടത്തിയതെന്ന് ഡോക്യുമെന്ററിയുടെ സംവിധായകൻ പറഞ്ഞു. എന്നാൽ, ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള കിം ഫുക് പ്രതികരിച്ചു

വിയറ്റ്നാം യുദ്ധകാലത്ത് എപിയുടെ ഫോട്ടോ എഡിറ്റർ ആയിരുന്ന കാൾ റോബിൻസനാണു (81) ഡോക്യുമെന്ററിയുടെ പ്രധാന സ്രോതസ്സുകളിലൊന്ന്. സ്ട്രിങ്ങറിൽനിന്ന് വില കൊടുത്തുവാങ്ങിയ ഫോട്ടോ എപി ഫോട്ടോഗ്രഫറുടേതായി അവതരിപ്പിക്കാൻ നിർദേശമുണ്ടായിരുന്നുവെന്ന് റോബിൻസൻ പറയുന്നു. ഫ്രഞ്ച് ഫൊറൻസിക് ടീം നടത്തിയ അന്വേഷണത്തിൽ, ഫോട്ടോ നിക്ക് ഊട്ട് എടുത്തതാകാൻ സാധ്യത വളരെ കുറവാണെന്നാണു കണ്ടെത്തിയതെന്നും ഡോക്യുമെന്ററി അവകാശപ്പെടുന്നു.

നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണെന്നുമുള്ള നിലപാടാണ് എപിയുടേത്. മറ്റു തെളിവുകൾ ഉണ്ടെങ്കിൽ കൈമാറാൻ ഡോക്യുമെന്ററിയുടെ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താ ഏജൻസി വക്താവ് പറഞ്ഞു.

Advertisement