ഒട്ടാവ: ഇന്ത്യൻ വംശജനും കനേഡിയൻ എംപിയും ജസ്റ്റിൻ ട്രൂഡോയുടെ ദീർഘകാല വിശ്വസ്തനുമായ ചന്ദ്ര ആര്യ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കും. കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കുമെന്ന് ചന്ദ്ര ആര്യ പ്രഖ്യാപിച്ചു. രാഷ്ട്രത്തെ പുനർനിർമിക്കാൻ കാര്യക്ഷമമായ സർക്കാരിനെ നയിക്കുമെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘‘നമ്മുടെ രാഷ്ട്രത്തെ പുനർനിർമിക്കുന്നതിനും ഭാവി തലമുറകൾക്ക് അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമായി കാര്യക്ഷമമായ ഒരു സർക്കാരിനെ നയിക്കാനായി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്നു. അവ പരിഹരിക്കുന്നതിന് കഠിനമായ തെരഞ്ഞെടുപ്പുകൾ ആവശ്യമാണ്. നമ്മുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും വേണ്ടി, ധീരമായ തീരുമാനങ്ങൾ എടുക്കണം. ലിബറൽ പാർട്ടിയുടെ അടുത്ത നേതാവായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, എന്റെ അറിവും വൈദഗ്ധ്യവും ഞാൻ വാഗ്ദാനം ചെയ്യുന്നു’’ – ചന്ദ്ര ആര്യ എക്സിൽ കുറിച്ചു.
‘‘പല കനേഡിയൻമാരും, പ്രത്യേകിച്ച് യുവതലമുറ കാര്യമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. അധ്വാനിക്കുന്ന മധ്യവർഗം ഇന്ന് ബുദ്ധിമുട്ടുകയാണ്. നിരവധി തൊഴിലാളി കുടുംബങ്ങൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും അടുത്ത പ്രധാനമന്ത്രിയായി കാനഡയെ നയിക്കാനും ഞാൻ മുന്നോട്ടുപോകുന്നു. ഈ യാത്രയിൽ എന്നോടൊപ്പം ചേരൂ. നമുക്ക് പുനർനിർമിക്കാം, പുനരുജ്ജീവിപ്പിക്കാം, ഭാവി സുരക്ഷിതമാക്കാം’’ – ചന്ദ്ര ആര്യ പറഞ്ഞു.
ആരാണ് ചന്ദ്ര ആര്യ ?
ഹൗസ് ഓഫ് കോമൺസിലെ നിലവിലെ അംഗമാണ് ചന്ദ്ര ആര്യ. നവംബറിൽ, ഹിന്ദു പൈതൃക മാസത്തെ അടയാളപ്പെടുത്തുന്നതിനായി ചന്ദ്ര ആര്യ കനേഡിയൻ പാർലമെന്റിനു പുറത്ത് ‘ഓം’ ചിഹ്നമുള്ള ത്രികോണ കാവി പതാക ഉയർത്തി. പരമ്പരാഗതമായി ജസ്റ്റിൻ ട്രൂഡോയെ പിന്തുണയ്ക്കുന്നയാളാണ്. കർണാടകയിലെ തുംകൂർ ജില്ലയിലെ സിറ താലൂക്കിലെ ദ്വാർലു ഗ്രാമത്തിലാണ് വേരുകൾ. ധാർവാഡിലെ കൗസലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദം നേടി.
2006ലാണ് കാനഡയിലേക്ക് കുടിയേറിയത്. 2015ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ചന്ദ്ര ആര്യ 2019ലെ തെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ കന്നഡയിൽ സംസാരിച്ച ചന്ദ്ര ആര്യ വൈറലായിരുന്നു.
































