ന്യൂഡെൽഹി:
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിലൂടെ ഇന്ത്യക്ക് നഷ്ടമായത് ഉറ്റസുഹൃത്തിനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഇറാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക ഇടപെടൽ നടത്തിയ നേതാവായിരുന്നു റെയ്‌സിയെന്ന് മോദി പറഞ്ഞു. മരണത്തിലെ നടുക്കവും അനുശോചനവും മോദി രേഖപ്പെടുത്തി.
പ്രസിഡന്റിന്റെ മരണത്തിൽ ഇന്ത്യ ഇരാനിലെ വേദനിക്കുന്ന മനുഷ്യർക്കൊപ്പമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇതേ അപകടത്തിൽ മരിച്ച ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുലാഹിയന്റെ മരണത്തിലും ജയങ്കർ അനുശോചനം രേഖപ്പെടുത്തി
2021 ൽ ഹസ്സൻ റൂഹാനിയെ പരാജയപ്പെടുത്തി ഇറാനിൽ അധികാരം പിടിച്ച ഇബ്രാഹിം റെയ്‌സി ഇന്ത്യയുമായുള്ള സൗഹൃദത്തിന് ഉയർന്ന മൂല്യം കൽപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടുകളാണ് മധ്യേഷ്യ വഴി റഷ്യയുമായി ബന്ധപ്പെടാൻ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് വെച്ച ചബഹാർ തുറമുഖത്തിന്റെ വികസനത്തിലേക്ക് നയിച്ചത്. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ ഉൾപ്പെടുത്തിയതിൽ നിർണായക ഇടപെടൽ നടത്തിയത് ഇന്ത്യയാണ്.






































