കരൂർ ദുരന്ത കേസിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ടിവികെ അധ്യക്ഷനും തമിഴ് താരവുമായ വിജയിയെ ചോദ്യംചെയ്യുന്നു. ദുരന്തത്തിന് പിന്നിലെയുണ്ടായ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വിജയ്‌യുടെ പ്രചാരണ വാഹനം ചെന്നൈയിൽ നിന്ന് കഴിഞ്ഞദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.
സെപ്‌തംബർ 27നാണ് കരൂരിൽ വിജയ് പങ്കെടുത്ത റാലിയ്‌ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘാടനത്തിലെ ഗുരുതര പിഴവാണ് വൻ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാർട്ടേഡ് വിമാനത്തിൽ അർധരാത്രി തന്നെ ചെന്നൈയിലെത്തി. സോഷ്യൽ മീഡിയയിൽ അനുശോചന സന്ദേശവും നൽകി. വിജയ്‍യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.

































