പാലക്കാട്: ചിറ്റൂരിൽ ശനിയാഴ്ച കാണാതായി പിന്നീട് കുളത്തില്‍ കണ്ടെത്തിയ ആറ് വയസുകാരന്‍ സുഹാന്‍റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സുഹാൻറെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്.
സുഹാനെ കാണാതായത് മുതൽ ഊർജിത അന്വേഷണമാണ് പൊലീസ് നടത്തിയിരുന്നത്. പൊലീസുകാർക്കൊപ്പം നാട്ടുകാരും ചേർന്നെങ്കിലും സിസിടിവി ദൃശ്യത്തിൽ പോലും കൃത്യമായ വിവരങ്ങൾ ലഭിക്കുകയുണ്ടായില്ല. കുട്ടിയുടെ വീടിനടുത്തുള്ള കുളങ്ങളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഡോഗ് സ്ക്വാഡ് അടക്കമെത്തി നടത്തിയ ശ്രമവും വിഫലമാകുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ഫയർഫോഴ്സ് താമര നിറഞ്ഞ മറ്റൊരു കുളത്തിൽ തെരച്ചിൽ നടത്തി. എന്നാൽ ഈ കുളത്തിലെ പരിശോധനയിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് അൽപം ദൂരെയുള്ള കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത് .
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാൻറെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാൻറെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട് എത്തി.
































