ഈ പുതുവർഷം നിങ്ങൾക്കെങ്ങനെ? 2026 സമ്പൂർണ രാശിഫലം

Advertisement

ഗ്രഹസഞ്ചാരങ്ങളെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2026 ലെ വർഷഫലം  ഇവിടെ രേഖപ്പെടുത്തുന്നു.

മേടം രാശി (അശ്വതി ഭരണി കാർത്തിക ആദ്യ കാൽ ഭാഗം)

2025 ൽ നിന്നും വലിയ തോതിലുള്ള മാറ്റമൊന്നും വർഷത്തിൻ്റെ തുടക്കത്തിൽ ഉണ്ടാവണമെന്നില്ല. എന്നാലും ഭൂമിയിൽ നിന്നും ആദായം, വസ്തു വാങ്ങാനോ, ഗൃഹം നിർമ്മിക്കാനോ ഉള്ള സാഹചര്യം എന്നിവ ഉദയം ചെയ്യാം.
ശനിയുടെ പന്ത്രണ്ടാം ഭാവത്തിലെ സ്ഥിതി കാരണം ജോലിയിൽ സമ്മർദ്ദവും ചില അനാവശ്യ ചെലവുകളും ഉണ്ടാവാം. രണ്ടാം പകുതിയിൽ, വ്യാഴം നാലാം ഭാവത്തിലേക്ക് വരുന്നത് ജോലിസ്ഥലത്ത് സുഖകരമായ അന്തരീക്ഷം കൊണ്ടുവരും.
കുടുംബപരമായ കാര്യങ്ങൾക്ക് വർഷത്തിൻ്റെ രണ്ടാം പകുതി നല്ലതാണ്. മാതാവിൻ്റെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പ്രണയബന്ധങ്ങളിൽ ജൂൺ മാസം വരെ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം, ശ്രദ്ധിക്കുക.
പന്ത്രണ്ടാം ഭാവത്തിലെ ശനി കാരണം ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.  വിദേശ ബന്ധങ്ങളിലൂടെ ധനം ലഭിക്കാൻ സാധ്യത കാണുന്നു. ജൂണിന് ശേഷം ചില ആഡംബര വസ്തുക്കൾ വാങ്ങാനുള്ള അവസരം ഉണ്ടാവാം.അനാവശ്യമായ യാത്രകളും ചിന്തകളും ഒഴിവാക്കുക.ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. യോഗ പോലുള്ള വ്യായാമങ്ങൾ മുടക്കാതെ ചെയ്യുന്നത് ഗുണം ചെയ്യും.

ഇടവം രാശി (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഗുണഫലങ്ങൾ ഏറെയുള്ള വർഷമാണ്.
വ്യാഴം രണ്ടാം ഭാവത്തിൽ ഉള്ളത് കാരണം വർഷത്തിൻ്റെ ആദ്യ പകുതിയിൽ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. അവിവാഹിതർക്ക് വിവാഹ സാധ്യതയുണ്ട്. രണ്ടാം പകുതിയിൽ സഹോദരങ്ങളുമായുള്ള ബന്ധം മോശമാകാതെ ശ്രദ്ധിക്കുക.പതിനൊന്നാം ഭാവത്തിലെ ശനി തൊഴിൽപരമായി വളരെ അനുകൂലമാണ്. കഠിനാധ്വാനത്തിന് അർഹിച്ച പ്രതിഫലം ലഭിക്കും. പുതിയ ജോലിക്കുള്ള അവസരങ്ങളോ, പ്രൊമോഷനോ ലഭിക്കാൻ സാധ്യതയുണ്ട്.സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കും. സാമ്പത്തികമായി വളരെ നല്ല വർഷമാണിത്. ശനി ലാഭ ഭാവത്തിൽ നിൽക്കുന്നതിനാൽ വരുമാനം സ്ഥിരമായി വർദ്ധിക്കും. മുൻപ് ചെയ്ത നിക്ഷേപങ്ങളിൽ നിന്നും ലാഭം ഉണ്ടാവാം. പൊതുവെ ആരോഗ്യം തൃപ്തികരമായിരിക്കും.

മിഥുനം രാശി (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

വ്യാഴം രണ്ടാം ഭാവത്തിലേക്ക് മാറുന്നത് കുടുംബ ബന്ധങ്ങളിൽ കൂടുതൽ സന്തോഷവും ഐക്യവും നൽകും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. വിവാഹം ആഗ്രഹിക്കുന്നവർക്ക് വർഷത്തിൻ്റെ രണ്ടാം പകുതി അനുകൂലമാണ്.വർഷത്തിൻ്റെ ആദ്യ പകുതിയിൽ ചെലവുകൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. എന്നാൽ ജൂൺ മാസത്തിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ജോലിയിൽ കഠിനാധ്വാനം വേണ്ടി വരും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. എങ്കിലും ഈ പരിശ്രമങ്ങൾ ഭാവിയിൽ നല്ല ഫലം നൽകും. ജൂണിന് ശേഷം വ്യാഴം രണ്ടാം ഭാവത്തിൽ വരുന്നത് സാമ്പത്തികമായ പിന്തുണ നൽകുകയും ജോലിസ്ഥലത്തെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാവാം. ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ കാരണം ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം.

കർക്കിടകം രാശി (പുണർതം  പൂയം, ആയില്യം)

ഒൻപതാം ഭാവത്തിലെ ശനി ഉയർന്ന പഠനങ്ങൾക്കും ദീർഘദൂര യാത്രകൾക്കും അനുകൂലമാണ്.ജൂൺ വരെ ചെലവുകൾ ഉയർന്നേക്കാം. നിക്ഷേപങ്ങളിൽ ശ്രദ്ധിക്കുക. ജൂണിന് ശേഷം  ധനത്തിൻ്റെ ഒഴുക്ക് മെച്ചപ്പെടുകയും അനാവശ്യ ചെലവുകൾ കുറയ്ക്കുകയും ചെയ്യും.ജൂണിന് ശേഷം വിവാഹം പോലുള്ള കാര്യങ്ങൾ ഫലം കാണും.വർഷത്തിൻ്റെ ആദ്യ പകുതി സാമ്പത്തിക കാര്യങ്ങളിൽ അത്ര അനുകൂലമല്ല, വിദേശയാത്രകൾക്ക് സാധ്യതയുണ്ട്. ജൂൺ 2-ന് ശേഷം വ്യാഴം ഒന്നാം ഭാവത്തിലേക്ക് വരുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും തൊഴിലിൽ പുതിയ അവസരങ്ങൾ നൽകുകയും ചെയ്യും. വർഷത്തിൻ്റെ ആദ്യ പകുതിയിൽ ആരോഗ്യ കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ജൂണിന് ശേഷം ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം രാശി ( മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

അഷ്ടമശനിയായതു കാരണം ആരോഗ്യ കാര്യങ്ങ ളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്.പഴയ രോഗങ്ങൾ വീണ്ടും വരാതെ ശ്രദ്ധിക്കുക.വർഷത്തിൻ്റെ ആദ്യ പകുതിയിൽ പതിനൊന്നാം ഭാവത്തിലെ വ്യാഴം കാരണം ആഗ്രഹങ്ങൾ സഫലമാകും. തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും. അഷ്ടമശനി കാരണം ജോലിയിൽ പെട്ടെന്നുള്ള മാറ്റങ്ങളോ, സമ്മർദ്ദങ്ങളോ ഉണ്ടായേക്കാം. ജൂണിന് ശേഷം വ്യാഴം പന്ത്രണ്ടാം ഭാവത്തിലേക്ക് വരുന്നത് വിദേശ തൊഴിലിനോ, വിദേശ ബന്ധങ്ങളിലൂടെയുള്ള ലാഭത്തിനോ സാധ്യത നൽകുന്നു. ദാമ്പത്യബന്ധത്തിൽ ചില അകൽച്ചകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.  അവിവാഹിതർക്ക് വിവാഹ കാര്യങ്ങൾ ജൂൺ മാസത്തിന് മുൻപ് തീരുമാനമെടുക്കാൻ ശ്രമിക്കുക.

കന്നി രാശി (ഉത്രം ആദ്യ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യ പകുതി)

വർഷത്തിൻ്റെ ആദ്യ പകുതിയിൽ പത്താം ഭാവത്തിലെ വ്യാഴം      തൊഴിലിൽ നല്ല അവസരങ്ങൾ നൽകുമെങ്കിലും കണ്ടകശനി കാരണം ജോലിയിൽ കഠിനാധ്വാനം, പുതിയ ചുമതലകൾ, സ്ഥലം മാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട് . ജൂൺ മാസത്തിന് ശേഷം  വ്യാഴം പതിനൊന്നാം ഭാവത്തിലേക്ക് മാറുന്നതിനാൽ  വരുമാനം വർദ്ധിക്കും. അപ്രതീക്ഷിത ധനലാഭത്തിനും സാധ്യതയുണ്ട്.ആഗ്രഹങ്ങൾ നിറവേറും.
കണ്ടകശനി ദാമ്പത്യ ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാനിടയുണ്ട്. തുറന്ന സംഭാഷണവും പങ്കാളിയോടുള്ള ആദരവും ഈ വർഷം വളരെ പ്രധാനമാണ്. ജൂണിന് ശേഷം ബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാൻ സാധ്യതയുണ്ട്.കണ്ടകശനി കാരണം ദഹന സംബന്ധമായ പ്രശ്നങ്ങളും സന്ധിവേദനകളും ഉണ്ടാകാനിടയുണ്ട്. പങ്കാളിയുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

തുലാം രാശി (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ ഭാഗം)

പുതുവർഷം പൊതുവെ ഗുണപ്രദമായിരിക്കും. ആറാം ഭാവത്തിലെ ശനി തൊഴിലിൽ വിജയം നൽകുന്നു. ജോലിയന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. വർഷത്തിൻ്റെ ആദ്യ പകുതിയിൽ ഒൻപതാം ഭാവത്തിലെ വ്യാഴം ഭാഗ്യം വർദ്ധിപ്പിക്കുകയും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്യും.  വർഷത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിലിൽ പുരോഗതിയും പുതിയ ഉത്തരവാദിത്തങ്ങളും ഉണ്ടാകും.കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങൾക്ക് വർഷത്തിൻ്റെ ആദ്യ പകുതി അനുകൂലമാണ്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടങ്ങൾ തീർക്കാൻ കഴിയും. പുതിയ നിക്ഷേപങ്ങൾക്ക് നല്ല സമയമാണ്.ആരോഗ്യം പൊതുവെ മെച്ചപ്പെട്ടതായിരിക്കും.ദീർഘദൂര യാത്രകൾ നടത്താനിടയുണ്ട്.

വൃശ്ചികം രാശി (വിശാഖം ആദ്യ കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വർഷത്തിന്റെ ആദ്യപകുതി ചെറിയ സംഘർഷങ്ങളെയും സമ്മർദങ്ങളെയും അതിജീവിച്ചു വേണം നീങ്ങാൻ. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാവാം. ധനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ജൂണിന് ശേഷം ഒൻപതാം ഭാവത്തിലെ വ്യാഴം കാരണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഭാഗ്യദേവത കടാക്ഷിക്കുകയും  ചെയ്യും.പ്രണയ ബന്ധം സാഫല്യത്തിലെത്താൻ കാലതാമസമെടുക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും. ജൂണിന് ശേഷം കുടുംബബന്ധങ്ങൾ മെച്ചപ്പെടും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.വർഷത്തിൻ്റെ ആദ്യ പകുതിയിൽ എട്ടാം ഭാവത്തിലെ വ്യാഴം കാരണം ജോലിയിൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ അഞ്ചാം ഭാവത്തിലെ ശനി കഠിനാധ്വാനത്തിലൂടെ വിജയം നൽകും. ഗവേഷണ മേഖലയിലുള്ളവർക്ക് നല്ല വർഷമായിരിക്കും. ആദ്യ പകുതിയിൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. അഷ്ടമവ്യാഴം കഴിഞ്ഞു ഭാഗ്യവ്യാഴം വരുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വർഷത്തിൻ്റെ ആദ്യ പകുതിയിൽ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കണ്ടകശനി കാരണം വീട്ടിലെ അന്തരീക്ഷത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാം. ജൂണിന് ശേഷം കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.ജോലിയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ ശ്രദ്ധിച്ച് മാത്രം തീരുമാനമെടുക്കുക. ജൂണിന് ശേഷം എട്ടാം ഭാവത്തിലെ വ്യാഴം തൊഴിലിൽ അപ്രതീക്ഷിത മാറ്റങ്ങൾ കൊണ്ടുവരാം.ആദ്യ പകുതിയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജൂണിന് ശേഷം അപ്രതീക്ഷിത ചെലവുകൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. നിക്ഷേപങ്ങളിൽ റിസ്ക് എടുക്കരുത്.കണ്ടകശനിയും അഷ്ടമവ്യാഴവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. മാതാവിൻ്റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി)

ഈവർഷം  ഗുണഫലങ്ങൾ അനുഭവിക്കുവാൻ യോഗം കാണുന്നുണ്ട്.സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദീർഘദൂര യാത്രകൾക്ക് പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ ഈ വർഷം നല്ല ഫലം നൽകും.മൂന്നാം ഭാവത്തിലെ ശനി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. ജോലിയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയും. ജൂണിന് ശേഷം ബിസിനസ്സിൽ ലാഭം വർദ്ധിപ്പിക്കും. എന്നാൽ ആദ്യ പകുതിയിൽ  എതിരാളികളിൽ നിന്നുള്ള വെല്ലുവിളികൾ വർദ്ധിപ്പിക്കും.
വർഷത്തിൻ്റെ രണ്ടാം പകുതി ദാമ്പത്യ ജീവിതത്തിന് വളരെ അനുകൂലമാണ്. അവിവാഹിതർക്ക് വിവാഹ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ആറാം ഭാവത്തിലെ വ്യാഴം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)

ആദ്യ പകുതി വളരെ ഗുണപ്രദമായിരിക്കും. പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കും ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്കും ആഗ്രഹസാഫല്യത്തിന്റെ കാലം. തൊഴിൽ രംഗത്ത് പ്രതീക്ഷയ്ക്കൊത്ത് വളർച്ച നേടാൻ സാധിക്കും.
സർഗ്ഗാത്മകമായ ജോലികൾ ചെയ്യുന്നവർക്ക് നല്ല അവസരം ലഭിക്കും. രണ്ടാം ഭാവത്തിലെ ശനി ജോലിയിൽ സ്ഥിരത നൽകും. എങ്കിലും ദീർഘദൂര യാത്രകളിലൂടെയുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ജൂണിനു ശേഷം ജോലിസ്ഥലത്ത് എതിരാളികളുടെ വെല്ലുവിളികൾ ഉണ്ടാവാം.ആദ്യ പകുതി പ്രണയബന്ധങ്ങൾക്ക് അനുകൂലമാണ്. കുട്ടികളുടെ കാര്യങ്ങളിൽ സന്തോഷം ഉണ്ടാകും. രണ്ടാം പകുതിയിൽ ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാനിടയുണ്ട്.ധനം സമ്പാദിക്കാൻ കഴിയുമെങ്കിലും കുടുംബപരമായ കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. നിക്ഷേപങ്ങൾ ശ്രദ്ധിച്ച് മാത്രം ചെയ്യുക. ഉദരരോഗങ്ങൾക്ക് സാധ്യതയുണ്ട്.

മീനം രാശി ( പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)

ജന്മശനിക്കാലം തുടരുകയാണ്. മനപ്രയാസവും സമ്മർദ്ദവും കുറയില്ല. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കും.ആദ്യപകുതി പ്രതീക്ഷയ്ക്കൊത്ത് വളർച്ച നേടാൻ സാധിച്ചെന്നു വരില്ല. വാഹനം ഉപയോഗിക്കുന്ന വ്യക്തികൾ വളരെ ശ്രദ്ധിച്ച് നീങ്ങണം.  ശേഷം അനുഭവിച്ചു വരുന്ന വൈഷമ്യങ്ങൾ അകലുകയും ഏറ്റവും അനുകൂല സമയം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ആദ്യ പകുതിയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. ജൂണിന് ശേഷം പ്രണയബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും.ജോലിയിൽ കൂടുതൽ സമ്മർദ്ദവും തടസ്സങ്ങളും ഉണ്ടാവാം. ക്ഷമയോടെയും സ്ഥിരതയോടെയും പ്രവർത്തിക്കുക.  ജോലിയിൽ പുരോഗതിയുണ്ടാകും .   ജന്മശനിയുടെ സ്വാധീനം കാരണം സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുക. നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ചെയ്യുക.ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ വേണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here