എനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗ കേസില്‍ ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് രാഹുലിന് വോട്ട്.
വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. രണ്ടാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. രണ്ട് കേസുകളിലും നിലവില്‍ അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ വ്യാഴാഴ്ച രാഹുല്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു.
































