തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് സമാപനം കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട്. റോഡ് ഷോകളും റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ടൗണുകളില്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9 നാണ് വോട്ടെടുപ്പ്.
സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. മറ്റന്നാള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 11നാണ് രണ്ടാംഘട്ടില്‍ വോട്ടെടുപ്പ്. ശേഷം 13 നു വോട്ടെണ്ണല്‍. വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം ഉള്‍പ്പെടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവര്‍ത്തകര്‍.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം നാളെ രാവിലെ 9ന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28). വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകള്‍ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തും.
































