ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 15കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് വെങ്ങാലി പാലത്തിന് സമീപത്തുവെച്ച് നടന്ന അപകടത്തില്‍ പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടില്‍ ലൈജുവിന്റെ മകള്‍ ശിവനന്ദയാണ് (15) മരിച്ചത്. സഹോദരി ശിവാനിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടേകാലോടെ ആയിരുന്നു അപകടം.
പുതിയാപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ. മൂത്ത സഹോദരിയായ ശിവാനിയാണ് സ്‌കൂട്ടറോടിച്ചിരുന്നത്. ജെ.ഡി.ടി ഇസ്ലാമിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയാണ്. സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശിവനന്ദ.
സ്‌കൂട്ടറുമായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിടിച്ചത്. എലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന് തൊട്ടു പിന്നാലെ വരികയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസ്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പാടെ തകര്‍ന്നു. തല്‍ക്ഷണം തന്നെ ശിവനന്ദ മരണപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
































