തിരുവല്ലയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

Advertisement

പത്തനംതിട്ട തിരുവല്ലയിൽ എംസി റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഓർഡിനറി ബസുമാണ് ളായിക്കാട് കൂട്ടിയിടിച്ചത്. വൈകിട്ട് 3.30ഓടു കൂടിയാണ് അപകടം.

അപകടത്തിൽ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവറടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. ഡ്രൈവറുടെ തലയ്ക്കും കാലിനുമാണ് പരിക്ക്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. പരിക്ക് പറ്റിയവർക്ക് സമീപത്തുള്ള ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി.

ഫാസ്റ്റ് പാസഞ്ചർ ബസിന് മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് വെട്ടിച്ചാപ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് യാത്രക്കാർ പറഞ്ഞത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.

Advertisement