ഇനി ശരണം വിളിയുടെ നാളുകള്‍…. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

Advertisement

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. ഇവിടെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ഓടെ സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങുമുണ്ട്. അന്നേദിവസം പൂജകളില്ല.

തിങ്കള്‍ പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനത്തിന് തുടക്കമാകും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.

ഡിസംബര്‍ 26-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നടയടയ്ക്കും.

ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്‌സൈറ്റ്. പ്രതിദിനം 70,000 പേര്‍ക്ക് ഓണ്‍ലൈനില്‍ ബുക്കുചെയ്യാം. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യമുണ്ട്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Advertisement