ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം: സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

Advertisement

വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പിടിയിലായ സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നൽകാൻ റെയിൽവേ പൊലീസ്. സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പാലോട് സ്വദേശിനി ശ്രീക്കുട്ടി (20) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലച്ചോറിനും നട്ടെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്. മരുന്നുകളോട് ശ്രീക്കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ചികിത്സ തൃപ്തികരമാണെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.


സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ, മദ്യപിച്ച് ട്രെയിനിൽ കയറിയ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.


ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. നിലവിളി കേട്ട് മറ്റ്‌ യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന്‌ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ഭാഗത്തേക്ക് പോയ മെമു ട്രെയിനിൽ കയറ്റി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക്‌ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറാഞ്ഞതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയത് എന്നായിരുന്നു പൊലീസിൽ പ്രതി മൊഴി നൽകിയത്. എന്നാല്‍ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പുകവലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യംമൂലമാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ്‌ വ്യക്തമാക്കിയിരുന്നു. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ശുചിമുറിക്ക് സമീപം നിന്ന പ്രതി സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ ശ്രീക്കുട്ടിയുടെയും അർച്ചനയുടെയും അടുത്തെത്തി. മദ്യത്തിന്റെയും സിഗരറ്റിന്റെയും അസഹനീയഗന്ധംകാരണം ഇവർ പ്രതിയോട്‌ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്‌. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം.


വർക്കലയിൽ നിർത്തിയ ട്രെയിൻ വീണ്ടും പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോയത്. ശ്രീക്കുട്ടി വാതിലിന് സമീപത്തുനിന്നശേഷം അർച്ചന ശുചിമുറിയിൽ കയറി. അർച്ചന മടങ്ങിവരുമ്പോഴാണ്, വാതിലിന് സമീപത്തുനിന്ന പെൺകുട്ടിയെ ഇയാൾ നടുവിന് ചവിട്ടിയിടുന്നത് കണ്ടത്. നിലവിളിച്ചതോടെ അക്രമി തനിക്കുനേരെ തിരിഞ്ഞ് കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെന്നും കമ്പാർട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നെന്നും അർച്ചന പറയുന്നു. നിലവിളി കേട്ട് മറ്റു യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Advertisement