റസൂൽ പൂക്കുട്ടി ഇന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപെഴ്ണായി ചുമതലയേറ്റു. മുൻ ചെയർമാൻ പ്രേം കുമാർ ചടങ്ങിൽ പങ്കെടുത്തില്ല. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചു. ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് ഇരിക്കുന്നതെന്നും ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇന്നലെയാണ് പ്രഖ്യാപിച്ചത് . കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളെയാണ് ബോർഡിൽ പുതുതായി ഉൾപ്പെടുത്തിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നീക്കം സജീവമായിരുന്നു.
2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയ നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയുടെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി.
































