ടി20 പരമ്പര: രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് ജയം

Advertisement

മെല്‍ബണില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി. 125 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കിയ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങില്‍ നാല് ഓവറും നാല് പന്തും ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഓസീസ് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

മെല്‍ബണില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ ഓസീസ് 125 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. ഓസീസിന് വേണ്ടി നഥാന്‍ എല്ലിസ്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഭിഷേക് ശർമയുടെ അർധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. താരം 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും സഹിതം 68 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. 33 പന്തില്‍ 25 റണ്‍സെടുത്ത ഹര്‍ഷിത്താണ് പിന്നീട് രണ്ടക്കം കടന്ന ഇന്ത്യന്‍ താരം.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ അനായാസം വിജയത്തിലെത്തി. 46 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോററായത്. ട്രാവിസ് ഹെഡ് (28), ജോഷ് ഇംഗ്ലിസ് (20) എന്നിവരാണ് ഓസീസ് നിരയിൽ പിന്നീട് രണ്ടക്കം കണ്ടതാരങ്ങള്‍. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement