കോട്ടയം പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് തയ്യാറാക്കിയ താൽക്കാലിക ഗാലറി തകർന്നുവീണ് പതിനാറ് വിദ്യാർഥികൾക്ക് പരുക്ക്. എൻസിസി, എൻഎസ്എസ് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികൾ സംയുക്ത പരിപാടിക്കായി കോളേജിലെത്തിയ വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികൾ ഇരുമ്പ് ഗ്യാലറിയിൽ കയറി നിൽക്കുമ്പോൾ ഗ്യാലറി തകർന്ന് മറിഞ്ഞുവീണ് അപകടമുണ്ടാവുകയായിരുന്നു. വിദ്യാർഥികളുടെ കാൽ ഇരുമ്പ് കമ്പിയ്ക്കിടയിൽ കുരുങ്ങിയാണ് പരുക്കേറ്റത്. ഇവരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിലെ നാല് കുട്ടികൾക്കും പാലാ സെന്റ് തോമസ് സ്കൂളിലെ 12 കുട്ടികൾക്കുമാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
































