പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. റാന്നി കോടതിയാണ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡിൽ വിട്ടത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാകും ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റുക. 30 വരെയായിരുന്നു ഇയാളുടെ കസ്റ്റഡി കാലാവധി. ഇത് അവസാനിച്ചതോടെ കോടതിയിൽ ഹാജരക്കുകയായിരുന്നു.
താൻ അസുഖ ബാധിതനാണെന്നും ജയിലിൽ കഴിയാൻ ബുദ്ധിമുട്ടുള്ളതായും കോടതിയിൽ ഹാജരാക്കിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. എന്നാൽ അന്വേഷണ സംഘം മെഡിക്കൽ രേഖകൾ ഹാജരാക്കി. കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. തുടർന്ന് കസ്റ്റഡിയിൽ തുടരാനുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ദേവസ്വം വിജിലൻസിന്റെ അന്വേഷണറിപ്പോർട്ട് പ്രകാരം 2019-ൽ തങ്കപ്പാളികൾ ഏറ്റെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അതേസമയം കേസിൽ കസ്റ്റഡിയിലെടുത്ത സ്വർണം ഉൾപ്പെടെയുള്ള തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ, ഭൂമി ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. 20 വർഷത്തിലേറെയായി ബംഗളൂരുവിലാണ് ഇയാളുടെ താമസം. പ്രത്യേക അന്വേഷക സംഘം ബംഗളൂരുവിൽ നടത്തിയ തെളിവെടുപ്പിൽ ഭൂമി ഇടപാടുകളുടെയും പണം പലിശയ്‌ക്ക് നൽകിയതിന്റെയും രേഖകൾ ലഭിച്ചു.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽനിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയതായാണ് വിവരം. സ്വന്തം പേരിലും ബിനാമി പേരിലുമാണ് ഇടപാടുകൾ. 2019ൽ ആദ്യം ദ്വാരപാലക ശിൽപ്പപാളികൾ കൊണ്ടുപോയത് ഹൈദരാബാദിലെ നരേഷിന്റെ കടയിലേക്കാണെന്ന് പ്രത്യേക അന്വഷകസംഘം സ്ഥിരീകരിച്ചു.
































