തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതില്‍ പുനഃപരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം പരിശോധിക്കാന്‍ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി പരിശോധിക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്. സിപിഐയുടെ രണ്ട് മന്ത്രിമാര്‍ ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, റോഷി അഗസ്റ്റിന്‍, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍. സിപിഐയുടെയും സിപിഐഎമ്മിന്റെയും രണ്ട് മന്ത്രിമാര്‍ ഉപസമിതിയില്‍ ഇടം നേടിയിട്ടുണ്ട്.
എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ അഞ്ചിന് സര്‍വ്വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ്‌ഐആര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍മാറണമെന്ന നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടിരുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പൂര്‍ണ്ണമായി അവഗണിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാമൂഹ്യ സുരക്ഷ പദ്ധതികളില്‍ വര്‍ദ്ധനവ് വരുത്താനുള്ള തീരുമാനവും മന്ത്രിസഭ കൈകൊണ്ടു. ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വര്‍ദ്ധനവ്. അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പെട്ടെന്ന് തീര്‍ത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണ ക്ഷേമനിധി കുടിശ്ശികയും തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 50 രൂപയാണ് പ്രതിദിന കൂലിയില്‍ വരുത്തിയിരിക്കുന്ന വര്‍ദ്ധന. സാക്ഷരതാ ഡയറക്ടര്‍മാരുടെ ഓണറേറിയത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നെല്ലിന്റെ സംഭരണ വിലയില്‍ വര്‍ദ്ധനവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 30 രൂപയായാണ് നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റബ്ബറിന്റെ താങ്ങുവിലയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 180 രൂപയില്‍ നിന്ന് 200 രൂപയയാണ് റബ്ബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
Comments are closed.

































👍