കൊല്ലത്ത് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Advertisement

കൊട്ടിയം: മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. താന്നി സുനാമി ഫ്‌ലാറ്റില്‍ താമസിക്കുന്ന ജോസഫിന്റെയും ഷീലയുടെയും മകന്‍ അലന്‍ ജോസഫ് (20), രാജന്റെയും ഷീജയുടെയും മകന്‍ വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറരയോടെ മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. കൊല്ലത്തു നിന്നും മയ്യനാട്ടേക്ക് വന്ന സ്വകാര്യ ബസും മയ്യനാട് നിന്നും താന്നി ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ശാസ്താംകോവില്‍ വളവില്‍ ബസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലന്‍ ജോസഫിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലും വിനു രാജിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു. അലന്‍ ജോസഫിന്റെ സഹോദരി സ്‌നേഹ, വിനു രാജിന്റെ സഹോദരന്‍ സൂര്യ.

Advertisement