തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

Advertisement

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും, മുനിസിപ്പൽ കൗൺസിലുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാരെയും, മുനിസിപ്പൽ കോർപ്പറേഷനുകളിൽ തദ്ദേശസ്വയംഭരണവകുപ്പ് അർബൻ ഡയറക്ടറെയും അധികാരപ്പെടുത്തി. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലഭിക്കും.


941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബർ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ് തിയതി നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയിതികളിൽ രാവിലെ 10 ന് കണ്ണൂർ ജില്ലയിലേത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടക്കും.


152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10നാണ്. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നറുക്കെടുപ്പ് നടത്തും.


14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10ന് അതാത് കളക്ടറേറ്റ്

കോൺഫറൻസ് ഹാളിൽ നടക്കും.


ഒക്ടോബർ 17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.


ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30ന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.


ഒക്ടോബർ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30ന് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.


മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10ന് നടക്കും.

Advertisement