പോരാട്ടങ്ങളുടെ വീര്യം പറയുന്ന ഓച്ചിറ പടനിലത്തിന്റെ മണ്ണിലേക്ക് ചുവപ്പിലും വെളുപ്പിലും ഉടുത്തൊരുങ്ങി ശിവ പാർവതി സങ്കൽപ്പത്തിൽ ഓണാട്ടുകരുടെ സ്വന്തം കാളകൾ എത്തുന്ന സുദിനം ഇന്ന്. ഇരുപത്തെട്ടാം ഓണ കെട്ടുത്സവത്തിൽ ഇക്കുറി പടനിലത്ത് കൂടുതൽ നന്ദികേശൻമാർ എത്തും. ചെറുതും വലുതുമായ 170 കെട്ടുകാളകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കൈവെള്ളയിൽ എഴുന്നള്ളിക്കാവുന്നതുമുതൽ 71 അടിവരെ ഉയരമുള്ള കെട്ടുകാളകൾ ഉണ്ടാകും. ഇതിനുപുറമേ വെള്ളിയിലും വെങ്കലത്തിലും സ്വർണത്തിലും നിർമിച്ച കെട്ടുകാളകളും അണിനിരക്കും.
വലുപ്പത്തിൽ ഏറ്റവും മുമ്പൻമാരായ ഞക്കനാൽ പടിഞ്ഞാറേക്കരയുടെ കാലഭൈരവൻ, കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതിയുടെ ഓണാട്ടുകതിരവൻ, ആലുംപീടിക ജീനിയസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വജ്രതേജോമുഖൻ, വയനകം നന്ദികേശസമിതിയുടെ വില്ലൻ, പായിക്കുഴി വലിയകുളങ്ങര പൗരസമിതിയുടെ രൗദ്രബ്രഹ്മ ഋഷഭൻ തുടങ്ങിയ കെട്ടുകാളകൾ പടനിലത്തിന്റ ആവേശമാകും.
നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം എന്നിവയണിഞ്ഞ് ജീവതയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കുടമണികിലുക്കി പടനിലത്ത് എത്തുന്ന നന്ദികേശൻമാരെ കാണാൻ പതിനായിരങ്ങളാണ് എത്തുന്നത്. കെട്ടുകാളകളുടെയും ഭക്തരുടെയും ബാഹുല്യം കണക്കിലെടുത്ത് പ്രത്യേകം ക്രമീകരണങ്ങൾ ഭരണസമിതിയുടെ പോലീസും വരുത്തിയിട്ടുണ്ട്. ഭരണസമിതി നൽകിയിട്ടുള്ള നമ്പർ ക്രമത്തിലായിരിക്കും നന്ദികേശൻമാരെ പടനിലത്ത് അണിനിരത്തുക. ഗതാഗതനിയന്ത്രണത്തിനും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Home News Breaking News പോരാട്ടങ്ങളുടെ വീര്യം പറയുന്ന ഓച്ചിറ പടനിലത്തിന്റെ മണ്ണിലേക്ക് ഓണാട്ടുകരുടെ സ്വന്തം കാളക്കൂറ്റന്മാർ ഇന്ന് എത്തും
































