ട്രോഫി വാങ്ങാതെ… കഴുത്തിൽ മെഡലുകൾ അണിയാതെ ടീം ഇന്ത്യ… സമ്മാനദാന ചടങ്ങിൽ നാടകീയ രംഗങ്ങൾ

Advertisement

മല്‍സരം അവസാനിച്ച് പിന്നെയും  ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു സമ്മാനദാന ചടങ്ങ് തുടങ്ങാന്‍. മുഹ്സിന്‍ നഖ്വി ഉള്‍പ്പടെയുള്ള വിഐപികള്‍ പോഡിയത്തിലും ഇന്ത്യന്‍ ടീം മൈതാനത്തും കാത്തുനിന്നെങ്കിലും പാക്കിസ്ഥാന്‍ ടീം എത്താന്‍ വൈകി. നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു. പാക്കിസ്ഥാനിൽ മന്ത്രി എന്ന നിലയിലും നഖ്‌വിയുടെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പശ്ചാത്തലത്തിലും ഇന്ത്യ സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചേക്കാമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.  അതേസമയം പാകിസ്ഥാൻ കളിക്കാർക്ക് റണ്ണേഴ്‌സ് അപ്പ് മെഡൽ നൽകുകയും ചെയ്തു. അഭിഷേക് ശർമ്മ പ്ലെയർ ഓഫ് ദി സീരീസ്, തിലക് വർമ്മ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. റണ്ണേഴ്സപ്പിനുള്ള സമ്മാനത്തുകയുടെ ചെക്ക് മൈതാനത്തേക്ക് എറിഞ്ഞാണ് സൽമാൻ അലി ആഗ പ്രതികരണത്തിനായി കമന്റേറ്റര്‍ സൈമണ്‍ ഡള്ളിനടുത്തേക്ക് എത്തിയത്.
നഖ്‌വിയിൽ നിന്ന് ടീം ട്രോഫി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെ സ്ഥിരീകരിച്ചു. ഈ നിലപാട് സ്വീകരിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. നഖ്‌വിക്കൊപ്പം വേദി പങ്കിട്ട എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ, നഖ്‌വി ഇത് അനുവദിച്ചില്ല. പിന്നാലെ വിജയിച്ച ടീമിന് ട്രോഫി നിഷേധിക്കപ്പെട്ട നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് സൂര്യകുമാർ രംഗത്തെത്തി.

Advertisement