നടന്‍ വിജയ്‌യുടെ റാലിക്കിടെ തമിഴ്നാട്ടിലെ കരൂരില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളാണ് 9 പേർ കുട്ടികളും. 58 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ പത്തിലേറെപ്പേരുടെ നില ഗുരുതരമാണ്. ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്നും സ്ത്രീകളും കുട്ടികളും മണിക്കൂറുകള്‍ കാത്തുനിന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. വിജയ്ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍വന്നു. ഈ വാഹനങ്ങള്‍ വഴിയില്‍ തടയേണ്ടതായിരുന്നു. വിജയ് പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം, ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടയേഡ് ജഡ്ജി അരുണ ജഗദീശന്‍ അന്വേഷിക്കും. തമിഴ്നാട് സര്‍ക്കാരില്‍നിന്ന് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പുലര്‍ച്ചെ നാലുമണിയോടെ കരൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തി മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും നടപടി അതിനുശേഷമെന്നും സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
































