പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനി ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കൃത്യത്തിനുശേഷം കൊലപാതകവിവരം പ്രതി ഐസക്ക് ഫെയ്സ്ബുക്ക് ലൈവിൽ പങ്കുവെയ്ക്കുകയായിരുന്നു. ശാലിനിയുടെ വീട്ടിൽ എത്തിയ ഐസക്ക്, കഴുത്തിൽ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശാലിനിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അയൽവാസികൾ ഓടിക്കൂടിയപ്പോഴും ഐസക്ക് സംഭവസ്ഥലത്തുതന്നെയുണ്ടായിരുന്നു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെട്ട ഇയാൾ ഫെയ്സ്ബുക്ക് ലൈവിൽ ഭാര്യയെ കൊന്നതായി തുറന്നുപറയുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്നുവെന്നും താനറിയാത്ത ബന്ധങ്ങൾ ശാലിനിക്കുണ്ടെന്നുമാണ് കൊലപാതകത്തിന് കാരണമായി ഇയാൾ ലൈവിൽ പറയുന്നത്. രണ്ടര മിനിറ്റോളം നീണ്ട ലൈവ് പുറത്തുവിട്ടശേഷം രാവിലെ ഒൻപതു മണിയോടെ കൊല്ലൂർ പോലീസ് സ്റ്റേഷനിൽ ഐസക് കീഴടങ്ങി.
കുടുംബ പ്രശ്നങ്ങൾ കാരണം ഇരുവരും കുറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശാലിനി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെനിന്ന് ജോലിക്ക് പോയിരുന്നു. ശാലിനി ജോലിക്ക് പോകുന്നതിൽ ഐസക്കിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ജോലി ഒഴിവാക്കാൻ ശാലിനി തയ്യാറായില്ല. ഇതടക്കമുള്ള കാര്യങ്ങളിൽ ഇരുവരും തമ്മിൽ ആസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
രണ്ട് ആൺമക്കളാണ് ദമ്പതിമാർക്കുള്ളത്. ഒരു കുട്ടി അർബുദ രോഗിയാണ്. ഈ മകന്റെ കാര്യങ്ങളൊന്നും ശാലിനി ശ്രദ്ധിക്കുന്നില്ലെന്നും ഐസക് വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഭാര്യ നിർമിച്ച വീട്ടിൽനിന്ന് ഇയാളോട് ഇറങ്ങിപ്പോകാൻ പറഞ്ഞതും പ്രകോപനത്തിന് കാരണമായതായാണ് സൂചന.
































