കൃഷ്‌ണനാമ സങ്കീർത്തനത്തിന്റെ പുണ്യം പകരുന്ന ശ്രീകൃഷ്‌ണ ജയന്തി ഇന്ന്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. ക്ഷേത്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകളും പ്രത്യേക വഴിപാടുകളും നടക്കും. പാല്‍പായസ പൊങ്കാല, നാരായണീയ പാരായണം, കൃഷ്ണലീല, ഉറിയടി, തിരുവാതിര തുടങ്ങിയവയാല്‍ ക്ഷേത്രങ്ങള്‍ ജന്മാഷ്ടമി നാളില്‍ ഭക്തിസാന്ദ്രമാകും.
‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ’ എന്ന സന്ദേശവുമായി ബാലഗോകുലം ശ്രീകൃഷ്ണജയന്തിദിനമായ ഇന്ന് വൈകിട്ട് ജില്ലയില്‍ 500 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും. ജില്ലയില്‍ 500-ലധികം ചെറുശോഭായാത്രകളും 150 മഹാശോഭായാത്രകളും നടക്കും. ശോഭയാത്രകളില്‍ ജില്ലയില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും. 1 ലക്ഷത്തോളം കുട്ടികള്‍ രാധാ കൃഷ്ണ വേഷധാരികളായി ശോഭായാത്രയില്‍ അണിചേരും. വിപുലമായ ഒരുക്കങ്ങളാണ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുള്ളത്.
ഗുരുവായൂരും ആറന്മുള ക്ഷേത്രത്തിലും അടക്കം പ്രത്യേക പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. പ്രശസ്തമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക.
പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും എല്ലാം കോർത്തിണക്കി ഇന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലാറാടും. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
*അഷ്ടമിരോഹിണി വള്ളസദ്യ*
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളിൽ നിന്നുള്ളവരും ക്ഷേത്രാങ്കണത്തിൽ എത്തും. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗത്ത് പള്ളിയോടങ്ങൾക്കും തെക്ക് ഭാഗത്ത് ഭക്തർക്കുമാണ് സദ്യ വിളമ്പുന്നത്.
































