വിവാദത്തിൽ മൺഡ്രോ തുരുത്ത് പഞ്ചായത്ത്‌ അംഗം; ബിജെപി പ്രതിനിധിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം, പഞ്ചായത്ത് ഓഫീസിന് മുന്നിൽ വീട്ടമ്മയുടെ പ്രതിഷേധം.

Advertisement


കൊല്ലം: മൺറോ തുരുത്ത് പഞ്ചായത്ത്‌ അംഗവും ബിജെപി പ്രതിനിധിയുമായ ആറ്റുപുറം സുരേഷിനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി വീട്ടമ്മ. കടം വാങ്ങിയ സ്വർണവും പണവും തിരികെ നൽകിയില്ലെന്ന് ആരോപിച്ചാണ് പട്ടം തുരുത്ത് കിഴക്ക് നാഷാ ഭവനത്തിൽ ലീലാമണി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയത്. പഞ്ചായത്ത് അംഗം തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച ലീലാമണി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പഞ്ചായത്ത് അംഗം ആറ്റുപുറം സുരേഷ് തന്റെ കൈയ്യിൽ നിന്ന് സ്വർണവും പണവും കടം വാങ്ങിയിരുന്നുവെന്നും, എന്നാൽ ഇത് തിരികെ നൽകാൻ പലതവണ ആവശ്യപ്പെട്ടിട്ടും സുരേഷ് തയ്യാറായില്ലെന്നും ലീലാമണി ആരോപിച്ചു. ഇതേ തുടർന്ന് സഹികെട്ടാണ് പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും അവർ വ്യക്തമാക്കി. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പ്രശ്നം ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ ഉയർന്ന ആരോപണം മൺറോ തുരുത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് അംഗം ആറ്റുപുറം സുരേഷ് തയ്യാറായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement