23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പോലീസിന്റെ പിടിയിൽ

Advertisement

കൊല്ലം: 23 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശികളായ മൂന്ന് യുവതികൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലിസിന്റെ പിടിയിലായി. ജാർഖണ്ഡിൽ നിന്നും തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് റെയിൽവേ പൊലിസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ജാർഖണ്ഡ് സ്വദേശികളായ ശോഭ കുമാരി (24), സവിത കുമാരി (19), മുനികുമാരി (20) എന്നിവരാണ് അറസ്റ്റിലായത്. വിവിധ ട്രെയിനുകൾ മാറി കയറിയാണ് ഇവർ കൊല്ലത്ത് എത്തിയത്. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുമ്പോഴാണ് പൊലിസ് ഇവരെ പിടികൂടുന്നത്.
രണ്ട് വലിയ പെട്ടികളിലായി ചെറു പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിൽ 23 കിലോ കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. അറസ്റ്റിലായ ശോഭ കുമാരി തിരുവനന്തപുരത്ത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്. റെയിൽവേ പൊലിസ് എസ്.എച്ച്.ഒ ശ്യാമകുമാരിയുടെ നേതൃത്വത്തിലുള്ള പൊലിസും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മൂന്നുപേരെയും പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Advertisement