അത്തം മുറ്റത്തെത്തി. തുമ്പയും ചെത്തിയും മുതല്‍ മറുനാടന്‍ റോസും ചെണ്ടുമല്ലികയും മുല്ലയും അരളിയും വാടാമല്ലിയും എല്ലാം ചേര്‍ന്നു പൂക്കളങ്ങള്‍ വിരിഞ്ഞുതുടങ്ങി. ഇനി 10 നാള്‍ നാട് പൂക്കളമായി മാറും.
ചാണകം മെഴുകിയ നിലത്ത് ആദ്യ ദിവസം ഒരുവരി തുമ്പപ്പൂ മാത്രമായിരുന്നു മുന്‍പ് പൂക്കളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ അത്തം മുതല്‍ വിവിധതരം പൂക്കളങ്ങളുടെ ആഘോഷമാണ് ഇപ്പോള്‍. തുമ്പ പലയിടത്തും കണി കാണാന്‍ പോലും ഇല്ലെങ്കിലും പൂക്കളങ്ങളുടെ പ്രൗഢിക്കു കുറവൊന്നുമില്ല. വീട്ടുമുറ്റങ്ങളില്‍ വിടര്‍ന്നിരുന്ന പൂക്കളങ്ങള്‍ കവലകളിലേക്കും സ്ഥാപനങ്ങളുടെ പൂമുഖത്തേക്കും വളര്‍ന്നു നാടാകെ നിറയുകയാണ്.
വ്യാപാരസമുച്ചയങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പൂക്കളങ്ങള്‍ ഇന്നു മുതല്‍ വിടരും. പൂക്കളമൊരുക്കല്‍ മത്സരങ്ങളും തുടങ്ങുകയാണ്. ശങ്കരന്‍കോവില്‍, ബെംഗളൂരു, ഹൊസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തുന്നത്. പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. മാവേലി നാടിന്റെ പെരുമയും പ്രൗഢിയും വിളിച്ചോതുന്ന അത്തച്ചമയം രാവിലെ 9 ന് ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഇതോടെ കേരളക്കരയാകെ ഒരുമയുടെ തിരുവോണത്തിനായ് പൂവിളിയുയരും.
അത്തപ്പതാക മന്ത്രി പി രാജീവ് ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആനയും അമ്പാരിയും രാജപല്ലക്കും തെയ്യവും തിറയും കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന ഘോഷയാത്ര നഗരം ചുറ്റും. 450 പൊലീസുകാരുടെയും വിവിധ വകുപ്പുകളുടെയും കരുതലിൽ ജനങ്ങൾക്ക് കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാം. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Home News Breaking News പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം മുറ്റത്തെത്തി… തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്
































