സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം

Advertisement

ന്യൂഡൽഹി:രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതിന്‌ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. ഡൽഹിയിലെ മികച്ച പ്രവർത്തനം നടത്തുന്ന 50 ശുചീകരണത്തൊഴിലാളികളെ ആദരിക്കും. ഡൽഹിയിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പോലീസുകാരെ വിന്യസിച്ചു. കനത്ത സുരക്ഷയിലാണ്‌ ചെങ്കോട്ട. ഒളിക്യാമറകൾ, നിർമിതബുദ്ധി ക്യാമറകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണമുൾപ്പെടെയുണ്ടാകും. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷെഡ്യൂൾഡ് എയർലൈനുകളുടെ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കും ഇന്ന് നിശ്ചിതസമയത്തേക്ക് നിയന്ത്രണമുണ്ടാകും. രാവിലെ ആറു മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ ഏഴുവരെയുമാകും നിയന്ത്രണം. ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് ബാധകമല്ല.

സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നെത്തിയ 210 പഞ്ചായത്ത് പ്രതിനിധികൾ പ്രത്യേകാതിഥികളായി പങ്കെടുക്കും. കേരളത്തിൽനിന്ന് അഞ്ച് പ്രതിനിധികളുണ്ട്. കെ.എ. ജയ (പാലക്കുഴ പഞ്ചായത്ത്), പി.എസ്. ശിവദാസൻ (പട്ടാഞ്ചേരി), എം.ഡി. ദിനേശ് കുമാർ (കവിയൂർ), ഡോ. സി. ഉണ്ണികൃഷ്ണൻ (വെസ്റ്റ് കല്ലട), പി. ശാരുതി (ഒളവണ്ണ) എന്നിവരാണ് കേരളത്തിൽനിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ.

Advertisement