അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

Advertisement

കൊല്ലം സ്വദേശിനി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  സതീഷ് എത്തിയാല്‍ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിരുന്നു.
അതുല്യയുടെ മരണത്തില്‍ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം.

ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകൾ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ ചവറ  കോയിവിള തട്ടാന്റെ വടക്കയിൽ (അതുല്യ ഭവനം) അതുല്യ സതീഷിനെ(30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷിനെതിരെ പൊലീസ് കൊലപാതകം, സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

Advertisement