കൊല്ലം: കൊല്ലം – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ എഞ്ചിൻ ഘടിപ്പിക്കുന്നതിനിടെ തീപിടിത്തം. പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എൻജിൻ ഘടിപ്പിക്കുമ്പോഴാണ് തീയും പുകയും ഉയർന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ തീ നിയന്ത്രണ വിധേയമായി. ഫയർ എക്സിറ്റിങ്ക്യുഷർ ഉപയോഗിച്ച് തീയണക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവീസ് തുടർന്നു.
റെയിൽവേ പാതയിലുള്ള ഗാട്ട് സെക്ഷൻ സുരക്ഷിതമായി കടക്കുന്നതിന് ഇതുവഴി പോകുന്ന ട്രെയിനുകൾക്ക് പുനലൂരിൽ നിന്നും ഒരു എൻജിൻ ട്രെയിനിന്‍റെ പിന്നിലായി ഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ കൊല്ലം- ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നിൽ ഘടിപ്പിച്ച ഡീസൽ എൻജിനാണ് തീ പിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി കൊല്ലത്ത് നിന്നും പുനലൂർ എത്തുന്ന ട്രെയിനിൽ എൻജിൻ ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ റെയിൽവേ ജീവനക്കാർ തീ അണച്ച് നിയന്ത്രണ വിധേയമാക്കി വൻ അപകടം ഒഴിവാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
































