ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ റാപ്പർ വേടൻ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. ഡോക്ടർ നൽകിയ ബലാത്സംഗ കേസിനെ തുടർന്ന് വേടൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, പരാതി നല്‍കിയ വനിതാഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം വേടനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഡോക്ടറുമായി ഉണ്ടായിരുന്നത് എന്നും പിണങ്ങിക്കഴിഞ്ഞപ്പോൾ ആരോപണം ഉന്നയിക്കുകയാണെന്നും വേടൻ ഹൈകോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. തനിക്കെതിരെ പരാതി നല്‍കുമെന്ന് കാണിച്ച് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായുംജാമ്യ ഹര്‍ജിയില്‍ പറയുന്നു. ആഗസ്റ്റ് 18നാണ് ഹൈകോടതി ജാമ്യഹരജി പരിഗണിക്കുക.
യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച്, ആറ് തവണ പലയിടങ്ങളില്‍വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
സമൂഹമാധ്യമത്തിലൂടെയാണ് വേടനെ പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ യുവതിയുടെ ഫ്ലാറ്റിലെത്തിയ വേടന്‍ പിന്നീട് ബലാല്‍സംഗം ചെയ്തു. ഇതിന് ശേഷം വിവാഹം ചെയ്യാമെന്ന് വേടന്‍ വാഗ്ദാനം ചെയ്തിരുന്നു. പി.ജിക്ക് പഠിക്കുന്ന കാലത്താണ് വേടനോട് ആരാധന തോന്നിയത്. 2023 മാര്‍ച്ചില്‍ ഡോക്ടറെ ടോക്സിക്കെന്ന് l വിശേഷിപ്പിച്ച് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറി. പുതിയ ആല്‍ബം പുറത്തിറക്കാനടക്കം യുവതി വേടന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ ടിക്കറ്റിനായി മാത്രം 8000ത്തിലേറെ രൂപ ചെലവാക്കിയിട്ടുണ്ടെന്നും ഇതിന്‍റെ തെളിവുകളും യുവതി തൃക്കാക്കര പൊലീസിന് കൈമാറി.
































