രാജ്യത്തെ നടുക്കിയ ഉരുള്‍ ദുരന്തത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്. വയനാട്ടിലെ മുണ്ടക്കൈയെയും ചൂരല്‍മലയെയും ഇല്ലാതാക്കിയ ആ വിറങ്ങലിച്ച രാത്രി നോവായി ഇന്നും മനസുകളില്‍ അവശേഷിക്കുന്നു. കണ്ടെത്താന്‍ കഴിയാത്ത 32 പേര്‍ ഉള്‍പ്പെടെ 298 ജീവനുകളാണ് ഉരുള്‍ കവര്‍ന്നെടുത്തത്.
ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരിച്ചുപോയ വിദ്യാര്‍ത്ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
2024 ജൂലായ് 30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 52 വിദ്യാര്‍ത്ഥികളാണ് മരിച്ചത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തില്‍പെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുന്‍പ് സര്‍ക്കാര്‍ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി.
































