ഹരിഹരാത്മജനു മുന്നിൽ കാർഷിക സമൃദ്ധിയുടെ പൊൻകതിരുകൾ നിറഞ്ഞു. നിറപുത്തരി ആഘോഷം തീർഥാടകർക്ക് വേറിട്ട അനുഭവമായി. പൂജിച്ചു ചൈതന്യം നിറച്ച നെൽക്കതിരുകൾ പ്രസാദമായി സ്വീകരിച്ചു ഭക്തർ വീടുകളിൽ കൊണ്ടുപോയി ഐശ്വര്യം നിറച്ചു. അച്ചൻകോവിലിൽ നിന്ന് ആഘോഷമായി എത്തിച്ച നെൽക്കറ്റകൾക്കു പുറമെ വിവിധ സ്ഥലങ്ങളിൽ നിന്നു ഭക്തർ കൊണ്ടുവന്ന കതിരുകളും പതിനെട്ടാംപടിക്കൽ സമർപ്പിച്ചു.
തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ തീർഥം തളിച്ചു ശുദ്ധിവരുത്തി. മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി, തന്ത്രി, മേൽശാന്തി പരികർമികൾ എന്നിവർ ചേർന്നു നെൽക്കറ്റകൾ ശിരസിലേറ്റി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണമായി കിഴക്കേ മണ്ഡപത്തിൽ എത്തിച്ചു. അവിടെ തന്ത്രി കതിരുകൾക്ക് ലക്ഷ്മീപൂജ നടത്തി. പിന്നെ ശ്രീലകത്ത് എത്തിച്ചു പട്ടിൽ പൊതിഞ്ഞ കറ്റകൾ അയ്യപ്പന്റെ തൃപ്പാദത്തിൽ സമർപ്പിച്ചു നിവേദ്യത്തോടെ ദീപാരാധനയും നടന്നു.
പൂജിച്ച കതിരുകൾ ആദ്യം ശ്രീലകത്ത് കെട്ടി. പിന്നെ ഭക്തർക്ക് പ്രസാദമായി നൽകി. തന്ത്രി, മേൽശാന്തി എന്നിവരിൽ നിന്നു പൂജിച്ച നെൽക്കതിരുകൾ വാങ്ങാൻ ഭക്തരുടെ തിക്കുംതിരക്കുമായിരുന്നു. അയ്യപ്പന്മാർക്കു ലഭിച്ച കതിരുകൾ വീടുകളിലും സ്ഥാപനങ്ങളിലും കൊണ്ടുപോയി ഐശ്വര്യ സമൃദ്ധിയുടെ നിറയൊരുക്കി.
പുലർച്ചെ 5.30-നും 6.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു നിറപുത്തരിപൂജകൾ. നിറപുത്തരിയ്ക്കായി നെൽക്കതിരുകളുമായുള്ള ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ട് സന്നിധാനത്തെത്തി. അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് നെൽക്കതിരുകൾ എത്തിച്ചത്. നിറപുത്തരിപൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10-ന് നട അടയ്ക്കും.

































