വിപഞ്ചികക്ക് പിന്നാലെ അതുല്യയും….കൊല്ലം സ്വദേശിനി വീണ്ടും ഷാർജയിൽ മരിച്ചനിലയിൽ

Advertisement

കൊല്ലം സ്വദേശിനിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.


ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകൾ വൈഭവിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊന്ന് ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. വൈഭവിയുടെ മൃതദേഹം വെള്ളിയാഴ്ച ദുബായ് ജബൽ അലിയിൽ സംസ്കരിച്ചു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement