പന്തളം: ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പരിശോധനയിൽ കുടുങ്ങി. പന്തളം ഡിപ്പോയിലെ മൂന്ന് ജീവനക്കാരാണ് ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത്.
മധുരമുള്ള പഴുത്ത തേൻ വരിക്ക സഹപ്രവർത്തകർക്ക് കൂടി നൽകണമെന്ന് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശിയുടെ നല്ല ഉദ്ദേശ്യമാണ് സഹപ്രവർത്തകരെ കുടുക്കിയത്. ഇദ്ദേഹം രാവിലെ തന്നെ എത്തിയത് തേൻമധുരമുള്ള വരിക്കചക്കയുമായിട്ടായിരുന്നു. രാവിലെ ആറുമണിക്ക് ഡ്യൂട്ടിക്കിറങ്ങും മുൻപുതന്നെ ഡ്രൈവർമാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹം ജോലിക്ക് കയറുംമുൻപുള്ള ബ്രത്തലൈസർ പരിശോധനയിൽ ആദ്യം കുടുങ്ങി. പിന്നീട് രണ്ടുപേരും കൂടി ഇത്തരത്തിൽ കുടുങ്ങി.
തങ്ങൾ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നെ എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനാകാതെ വലഞ്ഞു അധികൃതർ. അവസാനം പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ഒരു ജീവനക്കാരന് ചക്കപ്പഴം നൽകി അയാളെ വീണ്ടും പരിശോധനക്ക് വിധേയനാക്കി. അദ്ദേഹവും ‘ഫിറ്റ്’ ആണെന്ന് തെളിഞ്ഞതോടെ പ്രതി ആരെന്ന് അധികൃതർക്കും ബോധ്യപ്പെട്ടു. തേൻവരിക്കയാണ് ചതിച്ചതെന്നും ഡ്രൈവർമാർ നിരപരാധികളെന്നും തെളിഞ്ഞു.
നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം ഉണ്ടാകും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. ഇതാണ് പണി പറ്റിച്ചതെന്നാണ് കരുതുന്നത്.
































