കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി. കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് അയിഷാ പോറ്റി നിർവഹിച്ചത്. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തു. സിപിഎം ജില്ലാ, ഏരിയ കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട അയിഷാ പോറ്റി രണ്ടുവർഷമായി പാർട്ടി പരിപാടികളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു. കോൺഗ്രസ് പരിപാടിയിൽ ഐഷ പോറ്റി പങ്കെടുക്കാൻ പോകുന്നത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. സിപിഎം പരിപാടികളിലും സർക്കാർ പരിപാടികളിലും കാണാറില്ലല്ലോ എന്ന ചോദ്യത്തിന് ‘എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ, അങ്ങനെ പോകേണ്ട ആവശ്യമുണ്ടോ’ എന്നായിരുന്നു അവരുടെ മറുപടി.
പാർട്ടി പരിപാടികളിലും സർക്കാർ പരിപാടികളിലും നോട്ടീസിൽ പോലും തന്റെ പേരുവയ്ക്കാറില്ലെന്നും വെറുതേ കേട്ടറിഞ്ഞ് പരിപാടികൾക്കു പോകേണ്ട കാര്യമില്ലെന്നും അയിഷാ പോറ്റി തുറന്നടിച്ചിരുന്നു. ആരാണ് തന്നെ ഒഴിവാക്കുന്നതിനു പിന്നിലെന്ന് പറയുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
കോൺഗ്രസിൽ ചേരുന്ന കാര്യമോ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യമോ ഇപ്പോൾ തന്റെ മുന്നിലില്ല എന്നാണ് ചോദ്യത്തിനു മറുപടിയായി അയിഷാ പോറ്റി പറയുന്നത്. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിനോട് യോജിക്കാനാകില്ലെന്നും അവർ പറയുന്നു.
Home News Breaking News കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി
































