കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. പ്രാർഥനകൾ ഫലം കാണുന്നുണ്ടെന്നും ഇതിനുവേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കാന്തപുരം ഉസ്താദിന്‍റെ ഇടപെടലാണ് വധശിക്ഷ നീട്ടിവെക്കുന്നതിൽ നിർണായകമായത്. ഇന്നലെയും ഇന്നും കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബവും മറ്റു പ്രമുഖരും പങ്കെടുത്ത യോഗം യെമനിൽ ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രനും അറിയിച്ചിരുന്നു. പിന്നാലെയാണ് യെമൻ ഭരണകൂടം വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത്.
പ്രാർഥനകൾ ഫലം കാണുന്നു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ -കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഫേസ്ബുക്കിൽ കുറിച്ചു. വിധിപകർപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.