ലോർഡ്‌സിൽ ഇന്ത്യയ്ക്ക് കണ്ണീർ…

29
Advertisement

അവസാനം വരെ പൊരുതിയെങ്കിലും ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 22 റണ്‍സ് തോല്‍വി. 193 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 170ന് ഓള്‍ ഔട്ടായി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2–1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റേയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 170 ൽ എത്തിച്ചത്.

അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ പരമാവധി പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് പോരായിരുന്നു. 181 പന്തുകൾ നേരിട്ട ജഡേജ 61 റൺസെടുത്തു പുറത്തായി. ഇംഗ്ലണ്ട് പര്യടനത്തില്‍ രവീന്ദ്ര ജഡേജയുടെ നാലാമത്തെ അർധ സെഞ്ചറിയാണ് ഇന്നത്തേത്. എജ്ബാസ്റ്റനിലെ രണ്ടാം ടെസ്റ്റിൽ 89, 69 എന്നിങ്ങനെയായിരുന്നു ജഡേജയുടെ സ്കോറുകൾ. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 131 പന്തിൽ 72 റൺസെടുത്തു താരം പുറത്തായി.


നാലാം ദിനം നാലിന് 58 റൺസെന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റിങ് നിര പ്രതീക്ഷയോടെയായിരുന്നു അവസാന ദിനം തുടങ്ങിയത്. കെ.എൽ. രാഹുലും ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ഉൾപ്പടെ ബാക്കിയുള്ളതിനാൽ ചെറിയ വിജയലക്ഷ്യത്തിലേക്ക് അനായാസം ഇന്ത്യ കുതിക്കുമെന്ന് ആരാധകരും വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. ഋഷഭ് പന്ത് (12 പന്തിൽ ഒൻപത്), കെ.എൽ. രാഹുൽ (58 പന്തിൽ 39), വാഷിങ്ടൻ സുന്ദർ (പൂജ്യം), നിതീഷ് കുമാർ റെഡ്ഡി (53 പന്തിൽ 13), ജസ്പ്രീത് ബുമ്ര (54 പന്തിൽ അഞ്ച്) എന്നിവരാണ് തിങ്കളാഴ്ച പുറത്തായത്.

Advertisement