നിശബ്ദമായി വരുന്ന ഹൃദയരോഗം: ചർമ്മം തരുന്ന 5 നിർണായക സൂചനകൾ

90
Advertisement

നെഞ്ചുവേദനയും ശ്വാസതടസ്സവും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണെന്ന് നമുക്കറിയാം. എന്നാൽ, നമ്മുടെ ശരീരം, പ്രത്യേകിച്ച് ചർമ്മം, ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ചില സൂചനകൾ നൽകിയേക്കാം. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ വലിയൊരു ദുരന്തം ഒഴിവാക്കാം. ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ഹൃദയാഘാതത്തിൻ്റെ അഞ്ച് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. വീക്കം: ശരീരം നീരുവെച്ച് വീർക്കുന്നുണ്ടോ?
    പ്രത്യേകിച്ച് കാൽപാദങ്ങൾ, ഉപ്പൂറ്റി, മുട്ടിനു താഴെയുള്ള ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന വീക്കവും നീരും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ഒരു പ്രധാന സൂചനയാണ്. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുറയുമ്പോൾ ദ്രാവകങ്ങൾ ശരീരത്തിൽ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. കൈവിരലുകളിലും കാലുകളിലും നീര് കാണാറുണ്ടെങ്കിൽ ശ്രദ്ധിക്കുക.
  2. വിരലുകളിലെ നീലനിറം: ഓക്സിജൻ കുറവാണോ?
    കൈവിരലുകളിലും കാൽവിരലുകളിലും നീലയോ പർപ്പിളോ നിറം കാണുകയും, കൈകൾ ചൂടാക്കിയശേഷവും ഈ നിറം തുടരുകയും ആണെങ്കിൽ രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ല എന്നർത്ഥം. ഈ അവസ്ഥയിൽ ഹൃദയത്തിന് പ്രവർത്തിക്കുക ബുദ്ധിമുട്ടാകും. ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
  3. മഞ്ഞയോ ഓറഞ്ചോ നിറമുള്ള മുഴകൾ: കൊളസ്ട്രോൾ പ്രശ്നക്കാരനാണോ?
    കണ്ണിന്റെ മൂലയ്ക്ക്, കൈമുട്ടുകൾ, കാൽമുട്ടുകൾ, കാലിന്റെ പുറകിൽ എന്നിവിടങ്ങളിലൊക്കെ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള ചെറു മുഴകൾ കാണാറുണ്ടോ? ഇവ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലാകുന്നതുമൂലം കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്. ശരീരത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്.
  4. കാലുകളിൽ കാണുന്ന വലപോലുള്ള പാടുകൾ: രക്തയോട്ടം തടസ്സപ്പെടുന്നുണ്ടോ?
    കാലുകളിൽ നീല നിറത്തിലോ പർപ്പിൾ നിറത്തിലോ വലപോലെ കാണപ്പെടുന്നത് കൊളസ്ട്രോൾ എംബൊലൈസേഷൻ സിൻഡ്രോമിന്റെ സൂചനയാണ്. കൊളസ്ട്രോൾ ക്രിസ്റ്റലുകൾ കാരണം ചെറിയ ഹൃദയധമനികളിൽ തടസ്സമുണ്ടാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് അവഗണിക്കരുത്.
  5. ക്ലബ്ബിംഗ് (വിരൽത്തുമ്പിലെ വീക്കം) & നഖത്തിനടിയിലെ വരകൾ: അപകടം അടുത്തോ?
  • ക്ലബ്ബിംഗ്: കൈവിരലുകളിലും കാൽവിരലുകളിലും അറ്റത്ത് വീക്കം ഉണ്ടായി ബൾബ് പോലെ ഉരുണ്ടോ താഴേക്ക് വളഞ്ഞോ കാണപ്പെടാം. ഈ മാറ്റം രക്തത്തിൽ ഓക്സിജൻ കുറയുന്നതുമൂലമുണ്ടാകുന്നതാണ്. ഇത് ശ്വാസകോശരോഗവുമായോ ഹൃദ്രോഗവുമായോ ബന്ധപ്പെട്ടിരിക്കുന്നു.
  • നഖത്തിനടിയിലെ വരകൾ: നഖത്തിനടിയിൽ ചുവപ്പോ പർപ്പിളോ നിറത്തിലുള്ള വരകൾ കാണപ്പെട്ടാൽ അത് ചെറിയ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ചു എന്നതിന്റെ സൂചനയാണ്. ഈ വരകൾ ഗുരുതരമായ ഹൃദയ അണുബാധയായ ഇൻഫക്ടീവ് എൻഡോകാർഡൈറ്റിസിന്റെ ലക്ഷണമാണ്.
  • ഓസ്റ്റർ നോഡ്സ്: ചുവപ്പോ പർപ്പിളോ നിറത്തിൽ കാൽപാദങ്ങളിലോ കൈവിരലുകളിലോ വേദന നിറഞ്ഞ മുഴകൾ ഉണ്ടാവുകയാണെങ്കിൽ അതിനെ ഓസ്റ്റർ നോഡ്സ് എന്നാണ് പറയുക. ഇത് ഹൃദയത്തിലെ അണുബാധയുടേയോ ഹൃദയപ്രശ്നങ്ങളുടെയോ സൂചനയാണ്.
Advertisement