നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിർമ്മിച്ച, അക്രമം നിറഞ്ഞ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്. ‘ഓറഞ്ച് പൂച്ച’ എന്ന പേരിലുള്ള ഇത്തരം വീഡിയോകളിലെ പ്രധാന കാഴ്ച്ചക്കാർ കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. സഹജീവികളെ ചതിച്ച് കെണിയിലാക്കി കൊല്ലുന്ന ഈ ‘ഓറഞ്ച് പൂച്ച’യുടെ കഥകൾ കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത്.
എന്താണ് ഈ ‘ഓറഞ്ച് പൂച്ച’ വീഡിയോകൾ?
ഓറഞ്ച് പൂച്ച തന്റെ സുഹൃത്തുക്കളെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ച്, മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഈ വീഡിയോകളിലെ പ്രധാന വിഷയം. ഈ പൂച്ചയ്ക്ക് നായകപരിവേഷം നൽകുന്ന കഥകളും പാട്ടുകളുമെല്ലാം ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രെൻഡിംഗാണ്. ഇത് കുട്ടികളെ വളരെയധികം ആകർഷിക്കുന്നുണ്ട്. ഒരു തവണ കണ്ടാൽ പിന്നെ ഭക്ഷണം കഴിക്കാനും ഉറങ്ങാനുമെല്ലാം ഈ വീഡിയോകൾ കാണണമെന്ന് കുട്ടികൾ വാശി പിടിക്കുന്നതായി അദ്ധ്യാപകർ പറയുന്നു.
കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങൾ ശ്രദ്ധിക്കുക
തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് അദ്ധ്യാപിക പങ്കുവെച്ച അനുഭവം ഇതാണ്: “ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേന കൊണ്ട് കുത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. മറ്റുള്ളവർ കരയും വരെ ഇത് തുടരും. വഴക്ക് പറഞ്ഞാലും അവന് കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇൻസ്റ്റാഗ്രാമിലെ ഈ നെഗറ്റീവ് വീഡിയോകൾ കാണാറുണ്ടെന്ന് അറിഞ്ഞത്.”
ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ആളുകളാണ് ഇത്തരം വീഡിയോകൾ കാണുന്നത്. മുതിർന്നവരിൽ പോലും ഈ വീഡിയോകൾ പെരുമാറ്റ വൈകല്യങ്ങളും അമിതമായ ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്. മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്ന നാർസിസിസ്റ്റിക് സ്വഭാവം വളർത്താനും ഇത് കാരണമാകാം. ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാജ പ്രൊഫൈലുകളിലൂടെയാണ് ഈ വീഡിയോകൾ കൂടുതലും പുറത്തിറങ്ങുന്നത്.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- പാരന്റൽ കൺട്രോൾ ഫീച്ചർ ഉപയോഗിക്കുക: ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളിൽ പാരന്റൽ കൺട്രോൾ ഫീച്ചറുകൾ ഉപയോഗിച്ച് കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുക.
- 14 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം നൽകരുത്: ചെറിയ കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നൽകാതിരിക്കുക.
- പെരുമാറ്റത്തിലെ മാറ്റങ്ങൾ അദ്ധ്യാപകരെ അറിയിക്കുക: കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അദ്ധ്യാപകരെ അറിയിക്കുക.
“വേഗത്തിൽ കാണുന്ന അക്രമസ്വഭാവമുള്ള വീഡിയോകൾ കുട്ടികൾ അനുകരിക്കാൻ സാധ്യതയുണ്ട്. ഇത് കുട്ടികളിൽ ഏകാഗ്രതക്കുറവിനും ഇടയാക്കും. ചെറിയ കുട്ടികൾ ഇത്തരം വീഡിയോകൾ കാണുന്നത് കർശനമായി നിയന്ത്രിക്കണം,” മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ പറയുന്നു.