ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം പിഴച്ചു. ജൂലായ് അഞ്ചിന് മഹാ സുനാമി ഉണ്ടാവുമെന്ന പ്രവചനമാണ് പിഴച്ചത്. പുലർച്ചെ 4.18ന് ദുരന്തം സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം. എന്നാൽ, ജപ്പാനിൽ ഇപ്പോൾ രാവിലെ 10 മണി കഴിഞ്ഞു. ഇതുവരെ അത്തരത്തിലുള്ള ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ലോകം ആശ്വാസത്തിലാണ്.
1999ൽ പ്രസിദ്ധീകരിച്ച ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകത്തിലൂടെയാണ് തത്സുകി പ്രവചനം നടത്തിയത്. ‘2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് മഹാദുരന്തമുണ്ടാവും. നഗരങ്ങൾ കടലിൽ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകളും കൂറ്റൻ സുനാമിയും ഉണ്ടാകും. 2011ൽ തൊഹുക്കുവിൽ ഉണ്ടായതിലും വലിയ ദുരന്തമാകും’ എന്നായിരുന്നു തത്സുകിയുടെ പ്രവചനം. എന്നാൽ, ഈ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇതോടെ തത്സുകിയുടെ പ്രവചനം പാളിപ്പോയത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്.
2011ലെ സുനാമിയും, കോവിഡ് വ്യാപനവും തത്സുകി നേരത്തെ പ്രവചിച്ചിട്ടുണ്ടെന്നാണ് വാദം. താൻ കാണുന്ന സ്വപ്‌നങ്ങളെ വിവരിച്ചാണ് ഇവർ ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകം പുറത്തിറക്കിയത്. 2011ലെ ഭൂകമ്പവും സുനാമിയും പുസ്തകത്തിൻ്റെ പുറംചട്ടയിൽ തന്നെ സൂചിപ്പിച്ചിരുന്നു. പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്ന ആകെ 15 സ്വപ്‌നങ്ങളിൽ 13 എണ്ണവും ഇതുവരെ സത്യമായതായി ആരാധകര്‍ വാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജാപ്പനീസ് ജനത ആശങ്കയിലായിരുന്നു. പ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ആശങ്ക വേണ്ടെന്നും ജപ്പാൻ ഭരണകൂടം അറിയിച്ചെങ്കിലും ആളുകൾ ഭീതിയിലായിരുന്നു. സമൂഹമാധ്യമങ്ങളിലെ ആശങ്കകളുടെ അടിസ്ഥാനത്തിൽ പല വിനോദസഞ്ചാരികലും ജൂലായ് അഞ്ചിന് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കി.
70 വയസുള്ള മാങ്ക ആർട്ടിസ്റ്റാണ് റിയോ തത്സുകി. ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകവും മാഞ്ഞ രൂപത്തിലായിരുന്നു.



