ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്.
2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എഎംവിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2021 ജൂൺ 2ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുകയും കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.